കോഴിക്കോട്: കോഴിക്കോട് വീട്ടമ്മയായ ഷബ്‌നയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ഭർതൃവീട്ടുകാരെന്ന് പോലീസ് കുറ്റപത്രം. ഏറാമലയിലെ ഷബ്നയുടെ മരണത്തിൽ ഭർതൃ വീട്ടുകാരുടെ പീഡനം വെളിപ്പെടുത്തുന്നതാണ് വടകര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം.
ഭർതൃ പിതാവ് മഹ്‌മ്മൂദ് ഹാജി, ഭർതൃ മാതാവ് നബീസ, ഭർതൃ സഹോദരി ഹഫ്‌സത്ത്, ഭർത്താവിന്റെ അമ്മാവൻ ഹനീഫ എന്നിവരാണ് കേസിലെ പ്രതികൾ. കഴിഞ്ഞ ഡിസംബർ 4നാണു ഷബ്നയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കേസിന്റെ തുടക്കത്തിൽ ഭർത്താവിന്റെ അമ്മാവൻ ഹനീഫയെ മാത്രമായിരുന്നു കേസിൽ പ്രതി ചേർത്തിരുന്നത്. ഇയാൾ ഷബ്‌നയെ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തെത്തിയതോടെയാണ് കേസെടുത്തത്. എന്നാൽ പ്രതിഷേധം ഉയർന്നതോടെ ഭർത്താവിന്റെ മാതാപിതാക്കൾ, സഹോദരി എന്നിവരെയും പോലീസ് കേസിൽ പ്രതി ചേർക്കുകയായിരുന്നു.
ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം, സ്ത്രീധന നിരോധന നിയമ ലംഘനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് ഇവരെ പ്രതി ചേർത്തിരിക്കുന്നത്. ഇവരെ പ്രതി ചേർക്കുന്നതിൽ ഷബ്‌നയുടെയും ഭർത്താവ് ഹബീബിന്റെയും പത്തുവയസുകാരിയായ ഏകമകളുടെ മൊഴിയാണ് കേസിൽ നിർണായകമായത്.
ഓർക്കാട്ടേരിയിലെ ഭർതൃഗൃഹത്തിൽ വെച്ച് ഭർത്താവിന്റെ അമ്മാവൻ മർദ്ദിച്ചതിന് പിന്നാലെയായിരുന്നു ആയഞ്ചേരി സ്വദേശിയായ ഷബ്‌ന ആത്മഹത്യ ചെയ്തത്. ഹനീഫയല്ലാതെ മറ്റു ബന്ധുക്കളെ പ്രതി ചേർക്കാൻ പോലീസ് ആദ്യം തയ്യാറായിരുന്നില്ല. ഇതിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് ഷബ്‌നയുടെ ഭർതൃപിതാവും മാതാവും സഹോദരിയും കേസിൽ പ്രതി ചേർക്കപ്പെട്ടത്.