ആലപ്പുഴ: സഞ്ജു ടെക്കി സ്ഥിരം കുറ്റക്കാരനെന്ന് (HABITUAL OFFENDER) മോട്ടോര്‍ വാഹന വകുപ്പ്. പൊതുസമൂഹത്തിന്റെ എല്ലാ മര്യാദകളും സഞ്ജു ലംഘിച്ചു. നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചു. ഇനി തുടര്‍ന്നും വാഹനം ഓടിക്കുന്നത് പൊതു സമൂഹത്തിന് ഭീഷണിയാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ഉത്തരവില്‍ പറയുന്നത്.
കാറില്‍ സ്വിമ്മിംഗ് പൂള് ഉണ്ടാക്കി യാത്ര ചെയ്തത് മാത്രമല്ല സഞ്ജു ടെക്കിക്കെതിരായ കണ്ടെത്തലുകള്‍. മോട്ടോര്‍ വാഹന വകുപ്പ് സഞ്ജു യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോകള്‍ വിശദമായി പരിശോധിച്ചു. നിയമലംഘനങ്ങള്‍ ഒന്നൊന്നായി കണ്ടെത്തി. ചരക്ക് വാഹനത്തിന്റെ ലോഡ് ബോഡിയില്‍ ടാര്പ്പോളിന് ഷീറ്റ് വിരിച്ച് സ്വിമ്മിംഗ് പൂള് ഉണ്ടാക്കി അപകടകരമായ കാര്യം പ്രോത്സാഹിപ്പിച്ചു.
മൊബൈല്‍ ഫോണില്‍ സെല്‍ഫി വീഡിയോ ചിത്രീകരിച്ചുകൊണ്ട് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചു. പബ്ലിക്ക് റോഡില്‍ മത്സര ഓട്ടം നടത്തി പലതവണ വാഹനത്തില്‍ രൂപമാറ്റം വരുത്തി പൊതു നിരത്തില്‍ ഉപയോഗിച്ചു. അമിത ശബ്ദമുള്ള സ്പീക്കര്‍ഘടിപ്പിച്ച് ശബ്ദമലിനീകരണം ഉണ്ടാക്കി.
വാഹനത്തില്‍ LED ലൈറ്റുകള്‍ ഘടിപ്പിച്ച് നിരത്തിലിറക്കി. പല വീഡിയോകളിലും റോഡില്‍ അമിത വേഗതയിലാണ് വാഹനം ഓടിക്കുന്നത്. ഇങ്ങനെ നീളുന്നതാണ് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയ നിയമ ലംഘനങ്ങളുടെ പട്ടിക. പ്രായ പൂര്‍ത്തിയാകാത്ത കുട്ടിയെക്കൊണ്ട് വാഹന മോടിപ്പിച്ചതിന് 3500 രൂപ പിഴ അടച്ച സംഭവം ഉള്‍പ്പടെ പലതവണ സഞ്ജു മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി നേരിട്ടിട്ടുണ്ട്.
Discussion about this post