തൃത്താലയില്‍ വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ഇടിച്ചുവീഴ്ത്തി; വാഹനമുടമ പിടിയില്‍

തൃത്താല സ്റ്റേഷനിലെ എസ്‌ഐ ശശി കുമാറിനെയാണ് വാഹനം കൊണ്ട് ഇടിച്ച് വീഴ്ത്തിയത്.

പാലക്കാട്: തൃത്താലയില്‍ വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ഇടിച്ചുവീഴ്ത്തി. തൃത്താല സ്റ്റേഷനിലെ എസ്‌ഐ ശശി കുമാറിനെയാണ് വാഹനം കൊണ്ട് ഇടിച്ച് വീഴ്ത്തിയത്.

ശശികുമാറിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തു മണിയോടെ തൃത്താല വെള്ളിയാങ്കല്ല് മംഗലം ഭാഗത്തായിരുന്നു സംഭവം.

രാത്രിയില്‍ സംശയാസ്പദമായി വാഹനം കിടക്കുന്നത് കണ്ട പോലീസ് സംഘം അത് പരിശോധിക്കാനായി സമീപത്തേക്ക് ചെല്ലുകയായിരുന്നു. പോലീസ് സംഘം അടുത്തെത്തിയതും വാഹനത്തിലുണ്ടായിരുന്നവര്‍ വെട്ടിച്ചു കടക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പോലീസ് കൈ കാണിച്ചെങ്കിലും അവരെ ഇടിച്ചു വീഴ്ത്തി സംഘം കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഇടിച്ചിട്ടു കടന്നുകളഞ്ഞ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തില്‍ വാഹനയുടമ ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വാഹനമോടിച്ച ഇയാളുടെ മകന്‍ അലന്‍ ഒളിവിലാണ്. അതേസമയം, സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version