മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പം എന്നുമുണ്ടാകും; നാല് വർഷത്തെ ശമ്പളം നൽകും; ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയില്ല: എൻബിടിസി ഉടമ കെജി എബ്രഹാം

കൊച്ചി: എൻബിടിസി കമ്പനിയിലെ തൊഴിലാളികൾ താമസിച്ച കെട്ടിടത്തിൽ തീപിടിത്തമുണ്ടായി 50 പേർ മരിക്കാനിടയായ സംഭവത്തിൽ മാധ്യമങ്ങളെ കണ്ട് കമ്പനി മാനേജിങ് ഡയറക്ടർ കെജി എബ്രഹാം. കുവൈറ്റിലുണ്ടായ അപകടം ദൗർഭാഗ്യകരമായ സംഭവമെന്ന് അദ്ദേഹം കൊച്ചിയിൽ പ്രതികരിച്ചു.

അപകടത്തിൽപെട്ടവരുടെ കുടുംബങ്ങളുമായി കമ്പനി നിരന്തരം ബന്ധപ്പെടുന്നുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് എല്ലാ പിന്തുണയും നൽകും. ആ കുടുംബങ്ങൾക്കൊപ്പം തങ്ങൾ എന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കമ്പനിയുടെ ഭാഗത്ത് നിന്ന് എട്ട് ലക്ഷം രൂപ വീതം മരിച്ചവരുടെ കുടുംബങ്ങൾക്ക് നൽകും. ഇൻഷുറൻസ് അടക്കമുള്ളവ കൃത്യമായി ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നും എന്നാൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം വൈകാരികമായി പറഞ്ഞു. അപകടത്തിന് ശേഷം കാര്യക്ഷമമായി ഇടപെട്ട കുവൈറ്റ്, ഇന്ത്യ സർക്കാരുകൾക്കും ഇന്ത്യൻ എംബസിക്കും അദ്ദേഹം നന്ദി പറഞ്ഞു.

അപകടമുണ്ടായ കെട്ടിടം തങ്ങൾ ലീസിന് എടുത്തതാണെന്ന് കെജി എബ്രഹാം പ്രതികരിച്ചു. ജീവനക്കാർ മുറിക്കുള്ളിൽ ഭക്ഷണം ഉണ്ടാക്കിയിട്ടില്ലെന്നും അവർക്ക് ഭക്ഷണത്തിനായി കെട്ടിടത്തിൽ തന്നെ മെസ് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version