തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടം സബ് ട്രഷറിയിൽ നിന്നും മരിച്ചവരുടെ അക്കൗണ്ടിലെ പണം തട്ടിയെടുത്ത ഉദ്യോഗ്സഥർക്ക് കുരുക്ക് മുറുകുന്നു. ഈ തട്ടിപ്പിൽ കൂടുതൽപ്പേർക്ക് പണം നഷ്ടമായതായി കണ്ടെത്തി. മരിച്ച മൂന്നുപേരുടെ അക്കൗണ്ടിൽനിന്നും തട്ടിപ്പുസംഘം പണം അപഹരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
മരിച്ച ഗോപിനാഥൻ നായരുടെ അക്കൗണ്ടിൽനിന്ന് മാത്രം ആറുലക്ഷത്തി എഴുപതിനായിരം രൂപയാണ് തട്ടിയെടുത്തതെന്ന് കണ്ടെത്തി. ട്രഷറിയിൽ നടത്തിയ പരിശോധനയിൽ 15 ലക്ഷത്തിലധികം രൂപ ആകെ നഷ്ടമായതായാണ് നിലവിലെ കണക്ക്. പരിശോധന വരും ദിവസങ്ങളിലും തുടരും. വ്യാജ ചെക്ക് ലീഫുകൾ ഉപയോഗിച്ചാണ് കൂടുതൽ പണവും തട്ടിയെടുത്തത്.
നിലവിൽ ജില്ലാ ട്രഷറി ഓഫീസറുടെ പരാതിയിൽ അഞ്ച് ഉദ്യോസ്ഥരെ സസ്പെൻഷൻഡ് ചെയ്തിട്ടുണ്ട്. ഇവർക്ക് എതിരെ കഴക്കൂട്ടം പോലീസ് കേസും രജിസ്റ്റർ ചെയ്തു. കൂടുതൽ തെളിവുകൾ ലഭിച്ചാൽ അറസ്റ്റിലേക്ക് നീങ്ങും.
ഈ വൻതട്ടിപ്പിന്റെ ചുരുളഴിഞ്ഞത് ശ്രീകാര്യം സ്വദേശിയായ മോഹനകുമാരി വ്യാജ ചെക്കുപയോഗിച്ച് രണ്ടു ലക്ഷം രൂപ അക്കൗണ്ടിൽ നിന്നും മറ്റാരോ മാറിയെടുത്തുവെന്ന് കാണിച്ച് പരാതി നൽകിയതോടെയാണ്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
മോഹനകുമാരി വിദേശത്ത് മകളോടൊപ്പമാണ് താമസിച്ചിരുന്നത്. ഇവരുടെ ഭർത്താവിന്റെ പെൻഷനാണ് ട്രഷറിയിലേക്കെത്തിയിരുന്നത്. ഇവർ പെൻഷൻ പൊതുവെ പിൻവലിക്കാറില്ല. നാട്ടിലെത്തിയ മോഹനകുമാരി ജില്ലാ ട്രഷറിയിൽ നിന്നും സ്റ്റേറ്റ്മെന്റ് എടുത്തപ്പോഴാണ് ഈ മാസം മൂന്ന്, നാല് ദിവസങ്ങളിലായി രണ്ടു ലക്ഷത്തി അമ്പതിനായിരം രൂപ പിൻവലിച്ചിരിക്കുന്നതായി കണ്ടെത്തിയത്.
തുടർന്ന് കഴക്കൂട്ടം സബ് ട്രഷറിയിൽ നിന്നാണ് പണം പിൻവലിച്ചിരിക്കുന്നതെന്ന് മനസിലാക്കി അവിടെയത്തി ചെക്കുകൾ പരിശോധിച്ചു. മോഹനകുമാരിയുടെ കൈവശമുള്ള ചെക്കുകളല്ല നൽകിയിരിക്കുന്നതെന്നും ഒപ്പും വ്യാജമാണെന്നും കണ്ടെത്തി. ഈ ചെക്കുകൾ നൽകിയിരിക്കുന്ന ഉദ്യോഗസ്ഥൻ വിരമിച്ചിട്ടുമുണ്ട്.
Discussion about this post