തൃശൂർ: തൃശൂരിൽ സന്ദർശനത്തിന് എത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി ലൂർദ് പള്ളിയും കെ കരുണാകരന്റെ സ്മൃതികുടീരവും സന്ദർശിച്ചു. സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയ സുരേഷ് ഗോപി മുരളീമന്ദിരം സന്ദർശിച്ചതിൽ രാഷ്ട്രീയമില്ലെന്നും പ്രതികരിച്ചു.
ഗുരുത്വം നിർവഹിക്കാനാണ് എത്തിയതെന്നും കെ കരുണാകരൻ കേരളത്തിലെ കോൺഗ്രസിന്റെ പിതാവാണ് എന്നും അദ്ദേഹം വിശേഷിപ്പിച്ചു. ശാരദ ടീച്ചറിന് മുന്നേ തനിക്ക് കിട്ടിയ അമ്മയാണ് കല്ല്യാണിക്കുട്ടിയമ്മയെന്നും സുരേഷ് ഗോപി പറഞ്ഞു.
കൂടാതെ ഇന്ദിരാ ഗാന്ധിയെയും സുരേഷ് ഗോപി പുകഴ്ത്തി സംസാരിച്ചു. ഭാരതത്തിന്റെ മാതാവാണ് ഇന്ദിരാഗാന്ധി. ഇന്ദിരാഗാന്ധി എന്ന ദീപസ്തംഭത്തിലുള്ള കരുണാകരന്റ സ്വാധീനം കേരളത്തിന് നന്മയായി ഭവിച്ചിട്ടുണ്ട്. ധീരനായ ഭരണകർത്താവ് എന്ന നിലയിൽ കരുണാകരനോട് ആരാധനയുണ്ട്. കേന്ദ്ര മന്ത്രി എന്ന പദവിയിൽ ഇരുന്നുകൊണ്ട് ഗുരുത്വം നിർവഹിക്കാനാണ് മുരളീ മന്ദിരത്തിൽ എത്തിയത് എന്നും അദ്ദേഹം പറഞ്ഞു.
2019ൽ തൃശൂരിൽ സ്ഥാനാർത്ഥിയായ സമയത്ത് തന്നെ മുരളീ മന്ദിരത്തിൽ വരാനാഗ്രഹിച്ചിരുന്നു. അന്നത് പാടില്ല എന്നാണ് പത്മജ പറഞ്ഞത്. തന്റെ പാർട്ടിക്കാരോട് എന്ത് പറയും എന്നാണ് പത്മജ ചോദിച്ചിരുന്നത്. അന്ന് താനത് മാനിച്ചു. ഇന്ന് കേന്ദ്രമന്ത്രി എന്ന സ്ഥാനത്തിരുന്ന് കൊണ്ടാണ് ഇവിടെ എത്തിയത്. അത് കെ മുരളീധരനോ മറ്റാർക്കെങ്കിലുമോ തടയാൻ ആവില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
Discussion about this post