കിരീടത്തിന് പിന്നാലെ കൊന്തയും; ലൂർദ് മാതാ പള്ളിയിലെത്തി സ്വർണകൊന്ത സമർപ്പിച്ച് സുരേഷ് ഗോപി

തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി തൃശൂരിൽ ലൂർദ് മാതാ പള്ളിയിൽ എത്തി ലൂർദ് മാതാവിന് സ്വർണ കൊന്ത സമർപ്പിച്ചു. ലൂർദ് മാതാവിന്റെ രൂപത്തിൽ സുരേഷ് ഹഗോപി കൊന്ത അണിയിക്കുകയായിരുന്നു. പാർട്ടി പ്രവർത്തകരുടെയും, പള്ളിയിലെ മുഴുവൻ ആളുകളുടെയും സാന്നിധ്യത്തിലായിരുന്നു കൊന്ത അണിയിച്ചത്.

നേരത്തെ തൃശൂരിലെ സ്ഥാനാർഥിത്വം ഉറപ്പിച്ച ഘട്ടത്തിൽ സുരേഷ് ഗോപി ലൂർദ് മാതാവിന്റെ സന്നിധിയിലെത്തി സ്വർണകിരീടം അണിയിപ്പിച്ചത് വലിയ രീതിയിൽ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചിരുന്നു. അന്ന് വലിയ വാർത്തയും വിവാദവുമൊക്കെയായിരുന്നു കിരീടം ധരിപ്പിച്ച സംഭവം.

മകളുടെ വിവാഹത്തിന് മുൻപായി ലൂർദ് മാതാവിന് സ്വർണ്ണക്കിരീടം സമർപ്പിക്കാമെന്ന നേർച്ചയുണ്ടായിരുന്നെന്ന് പിന്നീട് സുരേഷ് ഗോപി പറഞ്ഞിരുന്നു. അന്ന് കുടുംബസമേതമെത്തിയായിരുന്നു സുരേഷ് ഗോപി കിരീടം ധരിപ്പിച്ചത്.

അന്ന് കിരീടം താഴെ വീണതും കിരീടത്തിന്റെ തൂക്കവും വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇപ്പോഴിതാ തൃശൂരിൽ നിന്നും എംപിയായി വിജയിച്ചതിന് പിന്നാലെ വീണ്ടും ലൂർദ് മാതാവിനെ തേടിയെത്തിയിരിക്കുകയാണ് സുരേഷ് ഗോപി. തൃശൂരിലെ വിജയത്തിൽ ക്രൈസ്തവ വോട്ടുകൾ ബിജെപിക്ക് ലഭിച്ചുവെന്നാണ് റിപ്പോർട്ട്.

also read- തൃശ്ശൂരിൽ നേരിയ ഭൂചലനം; പാലക്കാടും അനുഭവപ്പെട്ടു; ആളപായമില്ല

ലൂർദ് പള്ളിയിലെത്തുന്നതിനു മുമ്പ് കെ കരുണാകരന്റെ സ്മൃതികുടീരത്തിലും സന്ദർശനം നടത്തിയിരുന്നു സുരേഷ് ഗോപി. ഇവിടെ പുഷ്പാർച്ചന നടത്തുകയും ചെയ്തു. അദ്ദേഹത്തിനൊപ്പം പത്മജ വേണുഗോപാലും ഉണ്ടായിരുന്നു. ഗുരുത്വം നിർവ്വഹിക്കാനാണ് എത്തിയതെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

Exit mobile version