ആലപ്പുഴ: വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നത് ഗതാഗത നിയമത്തിന്റെ ലംഘനമാണെന്ന് അറിയില്ലായിരുന്നുവെന്ന് യൂട്യൂബര്‍ സഞ്ജു ടെക്കി. കാറില്‍ സ്വിമ്മിങ് പൂള്‍ തയ്യാറാക്കി യാത്ര നടത്തിയ സംഭവത്തില്‍ സഞ്ജു ടെക്കി മോട്ടോര്‍ വാഹന വകുപ്പിന് വിശദീകരണം നല്‍കി.
കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടക്കരുതെന്നും തന്റെ അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നും സഞ്ജു ടെക്കി എംവിഡിയെ അറിയിച്ചു. അതേസമയം, വിശദീകരണം പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ അറിയിച്ചു.
സഞ്ജു ടെക്കി സ്വന്തം വാഹനമായ ടാറ്റാ സഫാരിയിലായിരുന്നു സ്വിമ്മിങ്പൂളൊരുക്കിയത്. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം അമ്പലപ്പുഴയിലെ റോഡിലൂടെ കാറിനുള്ളില്‍ കുളിച്ചു കൊണ്ട് യാത്ര ചെയ്യുകയും ഇതിന്റെ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
യാത്രക്കിടെ ടര്‍പോളിന് ചോര്‍ച്ചയുണ്ടായി വെള്ളം കാറിനുള്ളില്‍ പടര്‍ന്നു. എന്‍ജിനിലടക്കം വെള്ളം കയറി. സീറ്റിലെ എയര്‍ ബാഗ് പൊട്ടിത്തെറിക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കാര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.