കുവൈറ്റ് ദുരന്തം: മരണപ്പെട്ടവർക്ക് വിമാനത്താവളത്തിൽ അന്ത്യാഞ്ജലി; ആംബുലൻസിൽ ജീവനറ്റ് ജന്മദേശത്തേക്കുള്ള മടക്കയാത്രയിൽ അവർ

കൊച്ചി:കുവൈറ്റ് തീപിടിത്ത ദുരന്ത്തിൽ മരിച്ച 23 മലയാളികളുടെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച് അന്ത്യോപചാരം അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും റീത്ത് സമർപ്പിച്ച് അന്തിമോപചാരമർപ്പിച്ചു. തുടർന്ന് മരിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും അന്തിമോപചാരമർപ്പിച്ചു.

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് 23 മൃതദേഹങ്ങളും പൊതുദർശനത്തിനുവെച്ചത്. അൽപസമത്തിനകം തന്നെ മൃതദേഹങ്ങൾ ജന്മനാട്ടിലേക്ക് കൊണ്ടുപോകാൻ ആരംഭിച്ചു. പോലീസിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അന്തിമോപചാരം.

കണ്ണീരിൽ മുങ്ങിയ അന്തരീക്ഷത്തിൽ നിരവധി വൈകാരിക രംഗങ്ങളാണ് അരങ്ങേറിയത്. പൊതുദർശനത്തിനുശേഷം ഉച്ചയ്ക്ക് 12.30ഓടെയാണ് ആംബുലൻസുകൾ വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് പുറപ്പെട്ടത്. ഓരോ ആംബുലൻസുകളെയും ഒരു അകമ്പടി വാഹനവും അനുഗമിക്കുന്നുണ്ട്. തമിഴ്‌നാട്ടുകാരായ 7പേരുടെയും മൃതദേഹം ആംബുലൻസുകളിൽ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകും.
ALSO READ- കുവൈറ്റ് തീപിടിത്തം: തിരിച്ചറിയാതെ രണ്ട് മൃതദേഹങ്ങൾ; ഏഴ് പേരുടെ നില ഗുരുതരം
രാവിലെ 10.40ഓടെ ആണ് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൃതദേഹങ്ങൾ വഹിച്ചുകൊണ്ടുള്ള വിമാനം ലാൻഡ് ചെയ്തത്. തുടർന്ന് സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങി.

23 മലയാളികളുടെയും ഏഴു തമിഴ്‌നാട്ടുകാരുടെയും ഒരു കർണാടക സ്വദേശിയുടെയും മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിച്ചത്. ബാക്കി 14 മൃതദേഹങ്ങളുമായി വിമാനം ഡൽഹിയിലേക്ക് പോകും.

Exit mobile version