തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സമരം ശക്തമാക്കുവാനുള്ള ബിജെപിയുടെ എല്ലാ ശ്രമങ്ങളും വെള്ളത്തില്‍ വരച്ചവര പോലെ ആവുകയാണ്. ഒന്നും ലക്ഷ്യപ്രാപ്തിയില്‍ എത്തുന്നില്ല. സര്‍ക്കാരിന്റെ അടിയുറച്ചതും കടുത്ത നിലപാടുകളിലുമാണ് ബിജെപിയുടെ അടിപതറുന്നത്. ശബരിമല സ്ത്രീപ്രവേശനം കത്തിച്ച് സെക്രട്ടേറിയറ്റ് വളയാനുള്ള തീരുമാനം ബിജെപിയും ആര്‍എസ്എസും ഉപേക്ഷിച്ചിരിക്കുകയാണ്.
പകരം ഈ മാസം ഇരുപതിനു അമൃതാനന്ദമയിയെ ഉള്‍പ്പെടുത്തി അയ്യപ്പ ഭക്തസംഗമമാക്കി നടത്താനാണ് നീക്കം. സമരങ്ങളില്‍ തുടരെ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അണികളെയും വിശ്വാസികളേയും അകറ്റുന്നതിനു കാരണമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സമരമാറ്റം. അതേസമയം സെക്രട്ടറിയേറ്റ് നടയില്‍ നടത്തുന്ന നിരാഹാര സമരം ഫലം കാണുന്നില്ലെന്ന വാദവുമായി ബിജെപിയിലെ ഒരു വിഭാഗം രംഗത്തെത്തി കഴിഞ്ഞു. നിരാഹാരം കിടന്നിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കാത്ത സാഹചര്യത്തില്‍ എന്തിന് തുടരണം എന്ന ചോദ്യവും ഉയരുന്നുണ്ട്.
ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, ആചാരലംഘനം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന നിരാഹാരസമരത്തിലും പാര്‍ട്ടിക്കുള്ളില്‍ ഭിന്നത രൂക്ഷമാവുകയാണ്. ബിജെപി ജനറല്‍ സെക്രട്ടറിമാരായ എഎന്‍ രാധാകൃഷ്ണന്, ശോഭാ സുരേന്ദ്രന്, ദേശീയ കൗണ്‍സില്‍ അംഗം സികെ പത്മനാഭന് എന്നിവര്‍ നിരാഹാരം കിടന്നിരുന്നു. എന്നാല്‍ ഇവര്‍ക്കു പിന്നാലെ നിരാഹാരത്തിനായി മുന്‍നിര നേതാക്കള്‍ തയ്യാറാവാത്ത അവസ്ഥയുണ്ടായി.
ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയ കെ സുരേന്ദ്രന് നിരാഹാര സമരം ഏറ്റെടുക്കുമെന്ന പ്രചരണമുണ്ടായിരുന്നെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള ആവശ്യപ്പെട്ടിട്ടും നേതാക്കളായ പികെ കൃഷ്ണദാസ്, എംടി രമേശ് എന്നിവര്‍ സമരം നടത്താന്‍ തയ്യാറായില്ല. വി മുരളീധരന് എംപി സമരപ്പന്തലില്‍ എത്തിയെങ്കിലും മുരളീധര പക്ഷം പൊതുവെ സമരത്തോട് മുഖംതിരിച്ച അവസ്ഥയിലാണ്. ഇതോടെയാണ് ബിജെപിയുടെ സമരമുഖവും മാറിയത്.
Discussion about this post