പട്ന: പരിക്കേറ്റ് ആശുപത്രിയിലെത്തിയ യുവാവിന്റെ ഒടിഞ്ഞകാലില്‍ പ്ലാസ്റ്റര്‍ ഇടുന്നതിന് പകരം കാര്‍ഡ്‌ബോര്‍ഡ് കെട്ടിവച്ച് ആശുപത്രി അധികൃതര്‍. ബിഹാറിലെ മുസാഫര്‍പൂരിലാണ് സംഭവം.
മിനാപ്പൂരിലെ പ്രാഥമിക ആശുപത്രിയില്‍ ചികിത്സതേടിയെത്തിയ നിതീഷ് കുമാറിനാണ് ഈ ദുരവസ്ഥയുണ്ടായത്. ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റാണ് നിതീഷ് കുമാറാണ് ചികിത്സതേടിയെത്തിയത്. അവിടെ വച്ചാണ് പ്ലാസ്റ്ററിന് പകരം കാര്‍ഡ് ബോര്‍ഡ് കെട്ടിവച്ചത്.
പിന്നീട് യുവാവിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കെട്ടിവച്ച കാര്‍ഡ് ബോര്‍ഡുമായാണ് ഇയാളെ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. എന്നാല്‍ അഞ്ച് ദിവസം കഴിഞ്ഞിട്ടും ഡോക്ടര്‍മാരും ആരും വന്ന് നോക്കിയില്ലെന്ന് യുവാവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.
ആശുപത്രിയില്‍ കാര്‍ഡ് ബോര്‍ഡ് കെട്ടിവെച്ച് വാര്‍ഡില്‍ കിടക്കുന്ന യുവാവിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ രോഗിയെ എത്രയും വേഗം ചികിത്സിക്കാന്‍ ഡോക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ഇത്തരത്തില്‍ സംഭവിക്കാനുള്ള കാരണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.