കാസർകോട്: കുവൈറ്റിൽ തൊഴിലാളികളുടെ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ നിന്നും അതിസാഹസികമായി രക്ഷപ്പെട്ട് മലയാളി. കാസർകോട് തൃക്കരിപ്പൂർ സ്വദേശിയായ നളിനാക്ഷനാണ് തീ ആളിപ്പടരുന്നത് കണ്ടതോടെ വാട്ടർ ടാങ്കിലേക്ക് എടുത്തുചാടി രക്ഷപ്പെട്ടത്. തീ പിടിച്ച കെട്ടിടത്തിന്റെ മൂന്നാം നിലയിലായിരുന്നു നളിനാക്ഷൻ ഉണ്ടായിരുന്നത്. ഇവിടെ നിന്നും താഴെയുള്ള വാട്ടർ ടാങ്കിലേക്ക് നളിനാക്ഷൻ എടുത്തുചാടുകയായിരുന്നെന്ന് ബന്ധുക്കൾ അറിയിച്ചു.
‘തീപിടിച്ചെന്ന വിവരം 11 മണിയോടെയാണ് അറിഞ്ഞത്. തീ പിടിച്ച കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിൽ നിന്ന് നളിനാക്ഷൻ വാട്ടർ ടാങ്കിലേക്ക് ചാടിയെങ്കിലും അവിടെ നിന്നും അദ്ദേഹത്തിന് പെട്ടെന്ന് എഴുന്നേൽക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു. ഇതിനിടെ സമീപത്തെ ഫ്ളാറ്റിലുണ്ടായിരുന്ന ബന്ധുക്കൾ നളിനാക്ഷനെ കാണുകയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.’
ഈ സംഭവത്തിന് ശേഷം നളിനാക്ഷനുമായി കൂടുതൽ സംസാരിക്കാൻ സാധിച്ചില്ല. വായിൽ നിന്ന് ചോര വരുന്നുണ്ട്, സംസാരിക്കരുതെന്ന നിർദേശമുണ്ട്. മറ്റു പ്രശ്നങ്ങളില്ലെന്നാണ് പറഞ്ഞത്. വീഴ്ചയിൽ വാരിയെല്ല് പൊട്ടിയിട്ടുണ്ട്. അതിന്റെ ഓപ്പറേഷൻ നടക്കാനിരിക്കുകയാണ്.’-ബന്ധുവായ ബാലകൃഷ്ണൻ പറഞ്ഞു.
അതേസമയം, കുവൈറ്റിൽ 24 മലയാളികൾ തീപിടിത്തത്തിൽ മരിച്ചതായി നോർക്ക സ്ഥിരീകരിച്ചു. ഇതിനിടെ, സംസ്ഥാന സർക്കാർ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റ മലയാളികൾക്ക് ഒരു ലക്ഷം രൂപ വീതം നൽകാനും വ്യാഴാഴ്ച ചേർന്ന പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് അടിയന്തിരമായി കുവൈത്തിലേക്ക് യാത്ര തിരിക്കും.
ALSO READ- കുവൈത്ത് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു
മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നൽകാം എന്ന് പ്രമുഖ വ്യവസായി യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം സഹായം നൽകാം എന്ന് പ്രമുഖ പ്രവാസി വ്യവസായി രവിപിള്ളയും മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് അറിയിച്ചിട്ടുണ്ട്. നോർക്ക മുഖേനയാണ് ഈ സഹായം ലഭ്യമാക്കുക. ഇതോടെ ഒരു കുടുംബത്തിന് 12 ലക്ഷം രൂപ സംസ്ഥാനത്ത് നിന്നും സഹായം ലഭിക്കും. കേന്ദ്രസർക്കാർ 2 ലക്ഷം രൂപ വീതം മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
Discussion about this post