കൊച്ചി: യുവാവ് മദ്യലഹരിയിൽ കാറോടിച്ച് ഉണ്ടാക്കിയ അപകടത്തിൽ അച്ഛനും 11 വയസുകാരൻ മകനും മരിച്ചു. കാർ സ്കൂട്ടറിലിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ ബൈക്ക് യാത്രികരായ അച്ഛനും മകനുമാണ് മരിച്ചത്. ഇളംകുളം സ്വദേശി ഡെന്നി റാഫേൽ (46), മകൻ ഡെന്നിസൺ (11) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാത്രി 11.30-ഓടെ വൈറ്റില പൊന്നുരുന്നി മേൽപ്പാലത്തിന് താഴെയായിരുന്നു അപകടം. സുജിത്ത് എന്ന യുവാവാണ് മദ്യലഹരിയിൽ അമിത വേഗതയിൽ സ്കോർപ്പിയോ ഓടിച്ചെത്തിയത്. ഈ വാഹനം ഡിയോ സ്കൂട്ടറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ സുജിത്തിനെ അറസ്റ്റ് ചെയ്തു.
ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിനു പിന്നിൽ സുജിത്ത് ഓടിച്ചിരുന്ന സ്കോർപിയോ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. സ്കോർപിയോയുടെ ഇടതുഭാഗത്തെ ബമ്പറും ഹെഡ്ലൈറ്റും തകർന്നിട്ടുണ്ട്.
ഇടിയേറ്റ് തെറിച്ചുവീണ ഡെന്നിസണെയും മകനെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് നരഹത്യാക്കുറ്റം ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.