തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സംഘപരിവാർ നിരീക്ഷകൻ ശ്രീജിത്തും പണിക്കരും തമ്മിലുള്ള വാക്‌പോര് പാർട്ടി നേതാക്കളും അണികളും ഏറ്റെടുത്തിരിക്കുകയാണ്. രണ്ട് കൂട്ടരേയും അനുകൂലിച്ചും പ്രതികൂലിച്ചും സംഘപരിവാർ ക്യാംപിൽ തന്നെ തമ്മിൽത്തല്ലായിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ യുവമോർച്ച തിരുവനന്തപുരം ജില്ലാവൈസ് പ്രസിഡന്റ് വിഷ്ണുനാരാണന്റെ കമന്റും അതിന് മറുപടിയായി ശ്രീജിത്ത് പണിക്കർ കുറിച്ച വാക്കുകളും ചർച്ചയാവുകയാണ്.
ഓൺലൈൻ സംഘികളുടെ കയ്യടിയുണ്ടെന്ന് കരുതി സംഘടനയുടെ തീർപ്പ് കൽപിക്കുന്ന കോടതിയും അവസാനവാക്കും അടിവരയുമൊക്കെ താങ്കളാണെന്നൊരു തോന്നൽ നല്ലതല്ലെന്നാണ് വിഷ്ണുനാരായണൻ കുറിച്ചത്. ശ്രീജിത്ത് പങ്കിട്ട ഫേസ്ബുക്ക് കുറിപ്പിന് കീഴിലാണ് ‘പാർട്ടിക്ക് മുകളിലേക്ക് വരരുത്’ എന്ന് വിഷ്ണു കമന്റ് ചെയ്തത്. ഓൺലൈൻ സംഘികളുടെ കയ്യടിയുണ്ടെന്ന് കരുതി, സംഘടനയുടെ തീർപ്പ് കല്പിക്കുന്ന കോടതിയും അവസാനവാക്കും അടിവരയുമൊക്കെ താങ്കളാണെന്നൊരു തോന്നലൊക്കെ നല്ലതല്ല എന്നും കമന്റിൽ പറഞ്ഞിരുന്നു.
ഇതിന് മറുപടിയായി ‘പാർട്ടിക്ക് മുകളിൽ വളരരുതെന്ന് പോയി പാർട്ടിക്കാരോട് ഉപദേശിക്ക്. എനിക്ക് എന്ത് പാർട്ടി. ക്ലാസെടുക്കാതെ പോയെടോ’ എന്നായിരുന്നു ശ്രീജിത്ത് കുറിച്ചത്.
കഴിഞ്ഞദിവസം ‘ആക്രി നിരീക്ഷകനായ കള്ളപ്പണിക്കർ’ എന്ന് ശ്രീജിത്ത് പണിക്കരെ മാധ്യമങ്ങൾക്ക് മുന്നിൽ വെച്ച് കെ സുരേന്ദ്രൻ അധിക്ഷേപിച്ചിരുന്നു. പിന്നാലെ അദ്ദേഹത്തെ വിമർശിച്ച് ‘ഗണപതിവട്ടജി’ എന്ന് സുരേന്ദ്രനെ അഭിസംബോധന ചെയ്യുന്ന വിമർശന കുറിപ്പ് ശ്രീജിത്ത് പങ്കിട്ടിരുന്നു. പിന്നാലെയാണ് സംഘപരിവാർ അക്കൗണ്ടുകളിൽ വാക്‌പോര് ആരംഭിച്ചത്.
ദേശീയതയുമായും കേരള രാഷ്ട്രീയത്തിന്റെ വിശദീകരണങ്ങളും ആശയപരമായി ഏറെ കുറെ അടുത്ത് നിൽക്കുന്ന താങ്കൾ പല വിഷയത്തിലും വളരെയേറെ നന്നായി കാര്യങ്ങൾ പൊതുജനങ്ങൾക്കിടയിൽ അവതരിപ്പിച്ചിട്ടുണ്ട്. ആ കാര്യത്തിൽ തർക്കമൊന്നുമില്ല തന്നെ. പക്ഷെ ഓൺലൈൻ സംഘികളുടെ കയ്യടിയുണ്ടെന്ന് കരുതി, ംഘടനയുടെ തീർപ്പ് കല്പിക്കുന്ന കോടതിയും അവസാനവാക്കും അടിവരയുമൊക്കെ താങ്കളാണെന്നൊരു തോന്നലൊക്കെ നല്ലതല്ല.
also read- ജമ്മുകശ്മീരില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍, ഒരു ജവാന് വീരമൃത്യു
പൊതുവെ മാന്യനെന്ന മുഖമൂടിയുള്ളവർക്ക് കുത്തിത്തിരിപ്പും അനാവശ്യങ്ങളും പടച്ചുവിട്ട് പ്രചരിപ്പിക്കാൻ കഴിവേറെയാണ്. എന്ന് കരുതി എന്തുമായിക്കളയാം എന്ന ധാരണയൊക്കെ മോശമാണ് കേട്ടോ . സുരേഷ്ഗോപി എന്നല്ല കേരളത്തിൽ ബിജെപിയുടെ പഞ്ചായത്ത് തലത്തിൽ പോലുമൊരു തിരഞ്ഞെടുപ്പിൽ വിജയമുണ്ടായാൽ അത് ആ പാർട്ടിയുടെ ഉത്തരവാദിത്വപെട്ടവരുടെയും വിജയമാണ്.തോൽക്കുമ്പോൾ അത് മുഴുവൻ സംസ്ഥാന അധ്യക്ഷന്റെ കുറവും വിജയിക്കുമ്പോൾ അത് വ്യക്തിപരവും അധ്വാനവും ? ഇതെന്ത് മര്യാദയാണ് സാറേ ?
പിന്നെ ഗണപതിവട്ടം! രാമക്ഷേത്രം പോലെത്തന്നെയാണ് ഞങ്ങൾക്ക് കേരളത്തിലെ ചരിത്രവും. പാർട്ടിയുടെ സംസ്ഥാന അധ്യക്ഷന്റെ പ്രഖ്യാപനം പാർട്ടി പ്രഖ്യാപനമാണ്. അതിലെ തോൽവിയും വിജയവും എല്ലാം പാർട്ടി നോക്കിക്കോളും. പാർട്ടിക്കുള്ളിൽ ഇല്ലാത്ത വിള്ളലുകൾ കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്നത് നിങ്ങളെപോലെയുള്ള നീലകുറുക്കന്മാരാണ് ഇന്ന് നിങ്ങൾക്ക് വേണ്ടി കയ്യടിക്കുന്നവർ ഒരു നാളിതൊക്കെ തിരിച്ചറിയും.
അത് വരെ താനാണ് കോടതിയും നിയമവും തീർപ്പും എന്നൊക്കെ ചമഞ്ഞിരുന്നോളു ! എന്ന് കരുതി പാർട്ടിക്ക് മുകളിലേക്ക് വരരുത്. നാളിത് വരെ ഒരു നിരീക്ഷകന്മാരുടെയും തണലിലല്ല ഈ പാർട്ടി വളർന്നത്. ഇനി മുൻപോട്ടും അങ്ങനെ തന്നെയാകും പിന്നെ പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങൾ അത് പാർട്ടിയുടെ പ്രശ്‌നങ്ങളാണ് പുറത്ത് നിന്നൊരുത്തന്റെ ഉപദേശം ഞങ്ങൾക്കാവശ്യമില്ല.- വിഷ്ണുനാരായണൻ കുറിച്ചതിങ്ങനെ.