ഓയൂർ: കൊല്ലത്ത് സ്‌കൂൾ വിദ്യാർത്ഥിനിയെ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ നെയ്യാറ്റിൻകര സ്വദേശിയായ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര, മാരായമുട്ടം, കാലിവിളാകത്ത് രാഹുൽ ഭവനിൽ ഗോകുലിനെ(23)യാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരും രണ്ടുമാസംമുൻപ് ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. പിന്നീട് പെൺകുട്ടിയുമായി ഗോകുൽ വാട്‌സാപ്പിലൂടെ ചാറ്റ് ചെയ്യുന്നതും ഫോൺ വിളിക്കുന്നതും പതിവായിരുന്നു. തുടർന്ന് പെൺകുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ട് നേരിട്ട് എത്തിയ ഗോകുൽ പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ സ്‌കൂളിനു സമീപത്തെത്തിയാണ് ഇയാൾ കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്.
പിന്നാലെ പെൺകുട്ടി സ്‌കൂളിൽ എത്തിയില്ലെന്ന് ശ്രദ്ധയിൽപ്പെട്ട അധ്യാപകർ രക്ഷാകർത്താക്കളെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. വീട്ടുകാർ പോലീസിൽ പരാതിയും നൽകി. തുടർന്ന് അപകടം വല്ലതും സംഭവിച്ചെന്ന സംശയത്തിൽ പോലീസും നാട്ടുകാരും പ്രദേശമാകെ തിരച്ചിൽ നടത്തുകയും ചെയ്തു. ഇതിനിടെയാണ് നാലുമണിയോടെ സ്‌കൂൾ വിടുന്ന സമയത്ത് കുട്ടി മടങ്ങിയെത്തിയത്.
തുടർന്ന് കുട്ടിയെ ചോദ്യംചെയ്തതിൽനിന്ന് ഗോകുലിനെക്കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഗോകുലിനെ റിമാൻഡ് ചെയ്തു.