തിരുവനന്തപുരം: വീണ്ടും തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. 10 ദിവസം പ്രായവും 2.8 കിലോഗ്രാം ഭാരവുമുള്ള പെൺകുഞ്ഞിനെയാണ് അമ്മത്തൊട്ടിലിൽ ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. മഴയ്ക്ക് പിന്നാലെയെത്തിയ കുരുന്നിന് നിലാ എന്നാണ് പേരിട്ടിരിക്കുന്നത്.
തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 601 -ാ മത്തെ കുരുന്നാണ് നിലാ. ഒരു വർഷത്തിനിടയിൽ തിരുവനന്തപുരത്ത് അമ്മത്തൊട്ടിൽ വഴി ലഭിക്കുന്ന 15-ാമത്തെ കുട്ടിയും 6-ാമത്തെ പെൺകുഞ്ഞുമാണ് നിലാ.
നിലാവിനെ സ്വാഗതം ചെയ്തു കൊണ്ടാണ് കുഞ്ഞിന് പേരിട്ടതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജിഎൽ അരുൺ ഗോപി അറിയിച്ചു.
ഇതേഅമ്മത്തൊട്ടിലിൽ തുടർച്ചയായി ഉച്ച സമയത്ത് കിട്ടുന്ന രണ്ടാമത്തെ പെൺകുഞ്ഞാണ് ഈ പുതിയ അതിഥി. ജന്മം കൊടുത്ത കുരുന്നുകളെ സ്വയം നശിപ്പിക്കാതെ സർക്കാരിനു കൈമാറണം എന്ന് കഴിഞ്ഞ മാസങ്ങളിൽ സംഘടിപ്പിച്ച കിളിക്കൂട്ടം അവധിക്കാല ക്യാമ്പിലെത്തിയ ആരോഗ്യമന്ത്രി വീണ ജോർജ്ജ് അഭ്യർത്ഥിച്ചിരുന്നു.
ALSO READ- വിമാനം തകർന്ന് മലാവി വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു; അപകടത്തിൽ 10 മരണം
പിന്നാലെയാണ് പകൽ സമയത്ത് തന്നെ തുടർച്ചയായി പുതിയ അതിഥികളുടെ വരവ്. 2024-ൽ ഇതുവരെയായി 25 കുഞ്ഞുങ്ങളെയാണ് സമിതിയിൽ നിന്നും ദത്ത് നൽകിയിരിക്കുന്നത്.