മാനന്തവാടി: അപ്രതീക്ഷിതമായി തേടിയെത്തിയ അപകടത്തിന്റെ വാർത്തയറിഞ്ഞ ഞെട്ടലിലാണ് വയനാട് വാളാടിലെ നാട്ടുകാർ. തിങ്കളാഴ്ച വൈകുന്നേരവും കാണുകയും സംസാരിക്കുകയും ചെയ്ത പത്താംക്ലാസുകാരൻ മണിക്കൂറുകൾക്കകം പുഴയിൽ മുങ്ങിപ്പോയതിന്റെ ഞെട്ടലൊഴിയുന്നില്ല ഇവർക്ക്. വാളാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയായ തവിഞ്ഞാൽ വാളാട് മുസ്ലിയാർ ഹൗസിൽ മുഹമ്മദ് ആദിൽ(16) കഴിഞ്ഞദിവസം 6.30യോടെയാണ് വാളാട് കൂടൻകുന്ന് മുസ്ലിം പള്ളിക്കുസമീപത്തെ പുഴയിൽ മുങ്ങിമരിച്ചത്.
ആദിലിന്റെ വിയോഗത്തിന്റെ സങ്കടമടക്കാൻ പാടുപെടുകയാണ് നാട്ടിലെയും സ്‌കൂളിലെയും കൂട്ടുകാർ. സ്‌കൂൾ കഴിഞ്ഞെത്തി തിങ്കളാഴ്ച പതിവുപോലെ കൂട്ടുകാരുമൊത്ത് ഫുട്‌ബോൾ കളിക്കാൻ ആദിലെത്തിയിരുന്നു. ശേഷം പുഴയിൽ കുളിക്കാനിറങ്ങിയ സമയത്തായിരുന്നു അപകടം.
നന്നായി നീന്തൽ വശമുണ്ടായിരുന്ന കുട്ടിക്ക് എന്തുപറ്റിയെന്നാണ് പ്രിയപ്പെട്ടവർ വിഷമത്തോടെ ചോദിക്കുന്നത്. മഴ പെയ്തതിന് ശേഷം പുഴയിൽ വലിയരീതിയിൽ ഒഴുക്ക് വർധിച്ചിരുന്നു. ഈ സമയത്ത് പുഴയിലിറങ്ങിയപ്പോൾ ഏതോ ഒരു നിമിഷത്തിൽ അവൻ കൈവിട്ട് പോയതായിരിക്കാം എന്നാണ് നാട്ടുകാർ കരുതുന്നത്.
അപകടം നടന്ന ഉടനെ തന്നെ ഇത് ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ നടത്തിയ തിരച്ചിലിൽ കാണാതായിടത്തുനിന്ന് ഏകദേശം ഇരുന്നൂറു മീറ്റർ മാറി 6.50-ഓടെ ആദിലിനെ കണ്ടെത്തിയിരുന്നു. പെട്ടെന്ന് തന്നെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം ചൊവ്വാഴ്ച്ച വാളാട് കൂടൻകുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഖാലിദാണ് ആദിലിന്റെ പിതാവ്. മാതാവ്: സുമയ്യ. സഹോദരൻ: മുഹമ്മദ് അനീസ്.