അമ്പലപ്പുഴ: കാറിൽ സ്വിമ്മിംഗ്പൂൾ ഒരുക്കി പൊതുനിരത്തിലൂടെ ഓടിച്ച് വീഡിയോ സോഷ്യൽമീഡിയയിൽ പങ്കിട്ട യൂട്യൂബർ സഞ്ജു ടെക്കിയെന്ന ടിഎസ് സഞ്ജു (28)വിന്റെ ലൈസൻസ് റദ്ദാക്കിയേക്കും. മോട്ടർ വാഹന വകുപ്പിന്റെ ശിക്ഷയുടെ ഭാഗമായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ സഞ്ജു സന്നദ്ധ സേവനം തുടങ്ങി. ഇന്നലെ മുതൽ 15 ദിവസം സേവനം ചെയ്യാനാണ് എൻഫോഴ്‌സ്‌മെന്റ് ആർടിഒ ആർ രമണൻ നിർദേശിച്ചിരിക്കുന്നത്.
ഇതുകൂടാതെ ആർടിഒയുടെ നിർദേശപ്രകാരം മലപ്പുറം എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ചിൽ സഞ്ജു പരിശീലനവും പൂർത്തിയാക്കിയിരുന്നു. ഇന്നലെ സഞ്ജു എൻഫോഴ്‌സ്‌മെന്റ് ആർടിഒ മുൻപാകെ ഹാജരായെങ്കിലും മോട്ടർ വാഹന വകുപ്പ് നൽകിയ നോട്ടിസിനു മറുപടി നൽകിയിരുന്നില്ല.
മുൻപ് സഞ്ജു സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോകളിലടക്കം നിയമലംഘനങ്ങൾ ഉണ്ടെന്നും അതിൽ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടാണു നോട്ടിസ് നൽകിയത്. എന്നാൽ തനിക്ക് അഭിഭാഷകന്റെ സഹായം വേണമെന്നും കൂടുതൽ സമയം അനുവദിക്കണമെന്നുമാണ് സഞ്ജു ആർടിഒയെ അറിയിച്ചത്. ഇതോടെ അടുത്തദിവസം വരെ സമയം നീട്ടി നൽകി. തുടർച്ചയായി നിയമലംഘനം നടത്തുന്നതിനാലാണ് സജുവിന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹനവകുപ്പ് ഒരുങ്ങുന്നത്.
Discussion about this post