മൂന്നാര്‍: മഞ്ഞും കുളിരും നിറഞ്ഞ തെക്കിന്റെ കാശ്മീരില്‍ തണുപ്പ് വര്‍ധിച്ചു.
വിവിധ പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയുമുണ്ടായി. കഴിഞ്ഞ പതിനൊന്ന് ദിവസവും തുടര്‍ച്ചയായി മൈനസ് ഡിഗ്രിയില്‍ മൂന്നാറിലെ തണുപ്പ് തുടരവേ ഇവിടേയക്ക് സന്ദര്‍ശകരുടെ വന്‍ പ്രവാഹമാണ്. വരും ദിവസങ്ങളിലും തണുപ്പ് കൂടുതല്‍ വര്‍ധിക്കുമെന്നാണ് സൂചന. ഡിസംബര്‍ ജനുവരി മാസങ്ങളിലാണ് മൂന്നാറില്‍ ഏറ്റവും കൂടുതല്‍ തണുപ്പ് രേഖപ്പെടുത്തുന്നത്.
പ്രതിദിനം 10,000 സന്ദര്‍ശകര്‍ വരെ ഇപ്പോള്‍ മൂന്നാറിലെത്തുന്നുണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ചെണ്ടുവരയില്‍ കഴിഞ്ഞദിവസം മൈനസ് നാലായിരുന്നു താപനില. ചിറ്റുവര, ചെണ്ടുവര, തെന്മല, എല്ലപ്പെട്ടി എന്നിവിടങ്ങളില്‍ താപനില മൈനസ് രണ്ടായിരുന്നു.
മൂന്നാര്‍ ടൗണ്‍, കന്നിമല, പഴയ മൂന്നാര്‍ എന്നിവിടങ്ങളില്‍ പൂജ്യവും. വരയാടുകളുടെ സംരക്ഷണകേന്ദ്രമായ രാജമല, വനംവികസന കോര്‍പ്പറേഷന്റെ ടൂറിസം പദ്ധതി നടപ്പാക്കിയിട്ടുള്ള മീശപ്പുലിമല, ഉയര്‍ന്ന പ്രദേശമായ ടോപ്‌സ്റ്റേഷന്‍ തുടങ്ങിയ കേന്ദ്രങ്ങളിലെല്ലാം തണുപ്പുകാല ദൃശ്യങ്ങള്‍ തേടിയെത്തുന്നവരുടെ തിരക്കാണ്.
പ്രളയത്തെത്തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ മുതല്‍ മൂന്നാറിലെ വിനോദസഞ്ചാര മേഖലയില്‍ സന്ദര്‍ശകര്‍ എത്തിയിരുന്നില്ല. സന്ദര്‍ശകരില്ലാത്തതിനാല്‍ ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും ടാക്സി ഡ്രൈവര്‍മാര്‍, ഗൈഡുകള്‍, ഹോട്ടല്‍ ജീവനക്കാര്‍ എന്നിവരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. തണുപ്പുകാലം തുടങ്ങിയ ഡിസംബര്‍ 21 മുതല്‍ സഞ്ചാരികള്‍ ധാരാളം എത്തിയതോടെയാണ് മൂന്നാര്‍ സജീവമായത്.
Discussion about this post