തൃശൂര്‍: തൃശൂരില്‍ നിര്‍ത്തിയിട്ട ബസിന് പിന്നില്‍ പിക്കപ്പ് വാനിടിച്ച് ഡ്രൈവര്‍ മരിച്ചു. തൃശൂര്‍ മുടിക്കോട് ദേശീയ പാതയുടെ സര്‍വീസ് റോഡിലാണ് സംഭവം.
തമിഴ്നാട് സ്വദേശി കറുപ്പയ്യ സ്വാമി (57) ആണ് മരിച്ചത്. ആപകടം ആരുടേയും ശ്രദ്ധയില്‍പ്പെടാതിരുന്നതിനാല്‍ ചികിത്സ കിട്ടാതെയാണ് പിക്കപ്പ് വാന്‍ ഡ്രൈവറുടെ മരണം. ഇന്ന് പുലര്‍ച്ചെ നടന്ന അപകടം നാട്ടുകാര്‍ അറിഞ്ഞത് നേരം പുലര്‍ന്ന ശേഷമാണ്.
പിക്കപ്പ് വാന്‍ ബസിന് പിന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു. വാന്‍ ബസിനോട് ചേര്‍ന്ന് ഞെരിഞ്ഞമര്‍ന്ന നിലയിലാണ്. മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. സര്‍വീസ് റോഡിലെ അപകടം ആരും ശ്രദ്ധിച്ചിരുന്നില്ല. നേരം പുലര്‍ന്ന ശേഷമാണ് നാട്ടുകാര്‍ അപകടം അറിയുന്നത്.
തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്തു. ഡ്രൈവറുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തമിഴ്നാട് സ്വദേശിയുടെ ബന്ധുക്കളെ വിവരമറിയിക്കാന്‍ ശ്രമം തുടങ്ങിയതായി പോലീസ് അറിയിച്ചു.
Discussion about this post