ഓടുന്ന കാറില്‍ അപകടകരമായ രീതിയില്‍ അഭ്യാസ പ്രകടനം, ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് എംവിഡി

അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ശാന്തൻപാറ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ദേവികുളം: ഓടുന്ന കാറില്‍ അപകടകരമായ രീതിയില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തിയ സംഭവത്തില്‍ യുവാവിനും യുവതിക്കുമെതിരെ ശക്തമായ നടപടിയുമായി മോട്ടര്‍ വാഹന വകുപ്പ്. കഴിഞ്ഞയാഴ്ച മൂന്നാര്‍ ഗ്യാപ് റോഡില്‍ യാത്രയ്ക്കിടയില്‍ യാത്രികര്‍ അഭ്യാസപ്രകടനം നടത്തിയ കാറിന്റെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാനും അപകടകരമായ രീതിയില്‍ കാറോടിച്ചതിന് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുമാണ് തീരുമാനം. ഇടുക്കി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ യുടെതാണ് നടപടി.

അതേസമയം, അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച വ്യക്തിയോട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇയാള്‍ എത്തിയില്ല. ഈ സാഹചര്യത്തിലാണ് നടപടി കടുപ്പിക്കാന്‍ തീരുമാനിച്ചത്. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് ശാന്തന്‍പാറ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കൊച്ചി – ധനുഷ് കോടി ദേശീയപാതയില്‍ ലോക്കാട് ഗ്യാപ് ഭാഗത്ത് ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡോറില്‍ കയറിയിരുന്ന് അഭ്യാസം പ്രകടനം നടത്തുകയും അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുകയും ചെയ്യുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മാരുതി സെന്‍ കാറില്‍ ഒരു പെണ്‍കുട്ടിയും യുവാവും ചേര്‍ന്നായിരുന്നു അഭ്യാസ പ്രകടനം.

Exit mobile version