കൊച്ചി: റെയില്‍വേ ജീവനക്കാരനെ അക്രമിച്ച് ഫോണും പണവും കവര്‍ന്ന സംഘം കൊച്ചിയില്‍ പിടിയില്‍. ട്രെയിനില്‍ കയറി ആക്രമണം നടത്തിയ നാല് പശ്ചിമ ബംഗാള്‍ സ്വദേശികളാണ് പിടിയിലായത്. എവിടെയും സ്ഥിര താമസമാക്കാതെ മോഷണം നടത്തി കിട്ടുന്ന പണം ആര്‍ഭാട ജീവിതത്തിനും ലഹരിക്കുമായി ഉപയോഗിക്കുന്നതാണ് ഇവരുടെ രീതി. എറണാകുളം മാര്‍ഷലിംഗ് യാര്‍ഡില്‍ നിന്ന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് യാത്രക്കാരില്ലാതെ വരികയായിരുന്നു ടാറ്റാ നഗര്‍ എക്‌സ്പ്രസ്. കമ്മട്ടിപ്പാടത്തിന് സമീപത്ത് വച്ചാണ് സംഭവം.
ട്രെയിനിന്റെ പിറക് വശത്തേക്ക് ഓടികയറിയ അക്രമികള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന റെയില്‍വേ ഉദ്യോഗസ്ഥനെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ പിടിച്ചുപറിക്കുകയായികുന്നു. പിന്നീട് ഈ സംഘം രക്ഷപ്പെട്ടു. ഒന്നര ലക്ഷം രൂപ വില വരുന്ന ഫോണ്‍ അടക്കം 4 ഫോണുകളാണ് ഇവര്‍ മോഷ്ടിച്ചത്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പശ്ചിമബംഗാള്‍ സ്വദേശികളായ നാല് പേരെ റെയില്‍വേ ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ച് പിടികൂടിയത്. ബംഗാള്‍ സ്വദേശികളായ എം.ഡി. മിസ്തര്‍, അബു താലിം, ലാല്‍ ബാബു , എന്നിവരും ഒരു പ്രായപൂര്‍ത്തിയാകാത്ത ആളുമാണ് പിടിയിലായത്.
പരാതി കിട്ടിയതോടെ പൊലീസ് കമ്മട്ടിപ്പാടത്തിന് സമീപത്തെ ഏകദേശം ഇരുന്നൂറില്‍പരം സിസിടിവി ദൃശ്യങ്ങളാണ് പരിശോധിച്ചത്. സമീപവാസികളെ ചോദ്യം ചെയ്തു. മോഷ്ടിച്ച മൊബൈല്‍ ഫോണിന്റെ അവസാന ലൊക്കേഷന്‍ കാണിച്ചത് നോര്‍ത്ത് പാലത്തിനു സമീപം. ഇവിടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്.
Discussion about this post