ന്യൂഡൽഹി: മൂന്നാം എൻഡിഎ സർക്കാർ ഭരണത്തിലേറുമ്പോൾ കേരളത്തെ അത്ഭുതപ്പെടുത്തുന്ന അപ്രതീക്ഷിത നീക്കവും. കേരളത്തിൽ നിന്നും സുരേഷ് ഗോപിക്ക് പുറമെ ബിജെപി നേതാവ് ജോർജ് കുര്യനും കേന്ദ്ര മന്ത്രിസഭയിലേക്ക് എത്തിയേക്കുമെന്ന് സൂചന. തൃശ്ശൂർ നിയുക്ത എംപി സുരേഷ് ഗോപി ന്യൂഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്. അദ്ദേഹം കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെട്ടേക്കുമെന്ന റിപ്പോർട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ജോർജ് കുര്യനും മന്ത്രിസഭയിൽ ഉൾപ്പെട്ടേക്കുമെന്ന സൂചന പുറത്തുവരുന്നിരിക്കുന്നത്.
രാവിലെ നടന്ന നരേന്ദ്ര മോഡി വിളിച്ചുചേർത്ത യോഗത്തിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. അതേസമയം, ഏത് വകുപ്പായിരിക്കും നൽകുക എന്ന കാര്യത്തിൽ വ്യക്തമല്ല. പാർട്ടി ദേശീയ സെക്രട്ടറി കൂടിയായ ജോർജ് കുര്യൻ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഉപാധ്യക്ഷനായിരുന്നു. ഒ രാജഗോപാൽ മന്ത്രിയായിരുന്ന സമയത്ത് ഒഎസ്ഡിയായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
അതേസമയം, ജോർജ് കുര്യന്റെ കേന്ദ്ര മന്ത്രിസ്ഥാനം ഇത്രയും നാൾ അധ്വാനിച്ചതിന്റെ അംഗീകാരമെന്ന് ജോർജ് കുര്യന്റെ ഭാര്യ പ്രതികരിച്ചു. മന്ത്രിസ്ഥാനം വരും പോകും. അതൊന്നും ജീവിതത്തിൽ വലിയ നേട്ടമായി കരുതാൻ സാധിക്കില്ലെന്നും ഭാര്യ പറഞ്ഞു. മന്ത്രിസ്ഥാനം സംബന്ധിച്ച് അന്തിമമായ ഉറപ്പ് ലഭിച്ചോയെന്ന് അറിയില്ലെന്നും ജോർജ് കുര്യന്റെ ഭാഗത്ത് നിന്നും അറിയിപ്പ് കിട്ടിയിട്ടില്ലെന്നും ഭാര്യ പറഞ്ഞു.
കേന്ദ്ര മന്ത്രിസ്ഥാനം സംബന്ധിച്ച വാർത്ത മാധ്യമങ്ങളിൽ കൂടിയാണ് അറിയുന്നത്. സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഡൽഹിയിൽ എത്തി എന്ന് പറഞ്ഞ് ജോർജ് കുര്യൻ വിളിച്ചിരുന്നുവെന്നും അതിന് ശേഷം അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ലെന്നാണ് ഭാര്യയുടെ വാക്കുകൾ.
Discussion about this post