ശാസ്താംകോട്ട: ബസിൽ നിന്നും തെറിച്ച് ഡോറും കടന്ന് പുറത്തേക്ക് വീഴാനൊരുങ്ങിയ ജയകൃഷ്ണനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത് ആ ഒരു ഒറ്റക്കൈ താങ്ങായിരുന്നു. മരണം മുഖാമുഖം കണ്ട ഞെട്ടലിൽ നിന്നും മുക്തനായപ്പോൾ ബസിൽ നിന്നിറങ്ങി വീട്ടിലെത്തിയ ജയകൃഷ്ണൻ പിന്നീടാണ് അറിഞ്ഞത് തന്നെ രക്ഷിച്ച ആ കണ്ടകർ പഴയ സഹപാഠിയായിരുന്നെന്ന്. കണ്ടക്ടർ ബിജിത്ത് ലാലാണ് പടിഞ്ഞാറേകല്ലട ഐത്തോട്ടുവ ജയകൃഷ്ണ വിലാസം വീട്ടിൽ ജയകൃഷ്ണനെ ബസിൽ നിന്നും വീഴാതെ കാത്തത്.
ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലുമായിരുന്നു. എന്നാൽ വൈകിയാണ് പടിഞ്ഞാറേകല്ലട നെൽപുരക്കുന്ന് ഗവ.എച്ച്എസ്എസിൽ പ്ലസ്ടു 2005-07 ബാച്ചിൽ ഒരുമിച്ച് പഠിച്ചവരാണ് തങ്ങളെന്ന് ബിജിത്ത് ലാലും ജയകൃഷ്ണനും തിരിച്ചറിഞ്ഞത്. ചവറ-അടൂർ -പന്തളം റൂട്ടിലോടുന്ന സുനിൽ എന്ന സ്വകാര്യ ബസിൽ വെച്ചാണ് വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും കണ്ടുമുട്ടിയത്.
വാതിലിന്റെ സമീപത്ത് നിന്നുള്ള യാത്രയ്ക്കിടെ അബദ്ധത്തിൽ ജയകൃഷ്ണൻ പുറത്തേക്ക് വീഴാൻ തുടങ്ങുകയായിരുന്നു. ഈ സമയത്ത് അവസരോചിതമായി ഇടപെട്ട് കണ്ടക്ടർ, ജയകൃഷ്ണനെ ഒറ്റക്കൈ കൊണ്ട് താങ്ങി നിർത്തി. പുറത്തേക്കു വീഴാൻ തുടങ്ങിയപ്പോൾ തനിക്കു നേരെ നീണ്ടതു ദൈവത്തിന്റെ കരമാണെന്ന വിശ്വാസത്തിലാണു ജയകൃഷ്ണനും അമ്മ ലീലയും.
ടാക്‌സ് കൺസൽറ്റന്റായി ജോലി ചെയ്യുന്ന ജയകൃഷ്ണൻ ശാസ്താംകോട്ടയിലേക്കുള്ള യാത്രയ്ക്കായാണ് കാരാളിമുക്കിൽ നിന്നു ഉച്ചയ്ക്ക് ബസിൽ കയറിയത്. ബസ് ഒരു വളവിലെത്തിയതും ബാലൻസ് തെറ്റി ജയകൃഷ്ണൻ പുറത്തേക്കു വീഴാൻ തുടങ്ങി. ശരീരം തട്ടി വാതിൽ തുറക്കുകയും ചെയ്തതോടെ അദ്ദേഹം മരണത്തെ മുഖാമുഖം കണ്ടു.
ഈ സമയത്താണ് ബസ് കണ്ടക്ടർ ബിജിത്ത് ലാൽ ബസിനുള്ളിലേക്കു ജയകൃഷ്ണനെ ഒറ്റക്കൈ ാെകണ്ട് വലിച്ചെടുത്തത്. പിന്നീട് യാത്ര മതിയാക്കി നെല്ലിക്കുന്നത്ത് മുക്കിൽ ഇറങ്ങി വീട്ടിലേക്കു മടങ്ങുകയായിരുന്നു. ഈ സംഭവം സോഷ്യൽമീഡിയയിലടക്കം വൈറലായ ശേഷമാണ് അമ്മയോടു പോലും ജയകൃഷ്ണൻ വിവരം പറഞ്ഞത്.
Discussion about this post