തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ്സിന്റെ ഷെഡ്യൂള്‍ പുനഃക്രമീകരിച്ച് നല്‍കിയാല്‍ കളക്ഷന്‍ കൂട്ടാമെന്ന കണ്ടക്ടറുടെ നിര്‍ദ്ദേശത്തിന് ഗതാഗത മന്ത്രി സമ്മതം പറഞ്ഞപ്പോള്‍ കെഎസ്ആര്‍ടി സി ബസ്സിന് വന്‍ നേട്ടം. തിരുനാവായ സ്വദേശിയായ ഗര്‍ഭിണിക്ക് പ്രസവ വേദന വന്നപ്പോള്‍ തൃശൂര്‍ അമല മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ച കെഎസ്ആര്‍ടിസി ബസ്സിലെ കണ്ടക്ടര്‍ അജയനാണ് ഈ നിര്‍ദ്ദേശം മന്ത്രിയോട് പറഞ്ഞത്.
കണ്ടക്ടറുടെ നിര്‍ദ്ദേശം അംഗീകരിച്ച് ബസ്സിന്റെ ഷെഡ്യൂള്‍ മാറ്റുകയായിരുന്നു. ഇതിലൂടെ ശരാരശരി 4446 രൂപയുടെ വരുമാന വര്‍ദ്ധനവ് ആണ് ഓരോ സര്‍വീസിലും ഉണ്ടായത്. മന്ത്രി തന്നെ കണ്ടക്ടര്‍ അജയനെ ഫോണില്‍ വിളിച്ച് ഇക്കാര്യം അറിയിച്ചു.
നേരത്തെ ഗര്‍ഭിണിയെ ആശുപത്രിയിലെത്തിക്കാന്‍ സമയോചിതമായി ഇടപെട്ടതിന് അഭിനന്ദനം അറിയിക്കാന്‍ മന്ത്രി അജയനെ ഫോണില്‍ വിളിച്ചിരുന്നു. ഈ സമയത്താണ് അജയന്‍, തങ്ങളുടെ ബസിന്റെ ഷെഡ്യൂള്‍ മാറ്റിയാല്‍ വരുമാനം കൂടുമെന്ന് അറിയിച്ചത്. ഈ നിര്‍ദ്ദേശം പ്രഥമ പരിഗണനയോടെ കൈകാര്യം ചെയ്ത മന്ത്രി അന്ന് തന്നെ ബസിന്റെ ഷെഡ്യൂള്‍ മാറ്റാന്‍ ഉത്തരവിട്ടു.