‘നിന്റെ നക്കാപ്പിച്ചയ്ക്ക് നിന്റെ മോനെ ഇങ്ങനെ നോക്കാനേ പറ്റത്തുള്ളൂടാ’; ഒരു വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അമ്മ; വീഡിയോ പകർത്തി ഭർത്താവിന് അയച്ചു; കേസ്

ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ ഒരുവയസ്സുള്ള കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച് വീഡിയോ പകർത്തി യുവതിയുടെ ക്രൂരത. സ്വന്തം കുഞ്ഞിനെ മർദ്ദിച്ചാണ് യുവതി വീഡിയോ പകർത്തിയിരിക്കുന്നത്. ഈ വീഡിയോ കുഞ്ഞിന്റെ പിതാവിന് അയച്ചുകൊടുക്കുകയും ചെയ്തു. കുട്ടംപേരൂർ സ്വദേശിനിയായ യുവതിയാണ് ഒരുവയസ്സുള്ള മകനെ നിരന്തരം മർദിച്ചത്. കുടുംബവഴക്കിനെ തുടർന്നാണ് കുഞ്ഞിനോട് അമ്മ ക്രൂരത കാണിച്ചത്.

‘ദേണ്ടേ കാണ്, കണ്ട് രസിക്ക്’ എന്നുപറഞ്ഞ് യുവതി കുഞ്ഞിനെ അടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അടിയേറ്റ് നിർത്താതെ കരയുന്ന കുഞ്ഞിനെ ഇവർ വീണ്ടും വീണ്ടും മർദിക്കുന്നതാണ് പുറത്തെത്തിയ ദൃശ്യങ്ങിലുള്ളത്.

”നിന്റെ നക്കാപ്പിച്ചയ്ക്കും നീ എന്നോട് കാണിക്കുന്ന നന്ദിയ്ക്കും നിന്റെ മോനെ ഇങ്ങനയെ നോക്കാൻ പറ്റത്തുള്ളൂവടാ. നീ കൊണ്ട് കേസ് കൊടുക്ക്, നീ കേസ് കൊടുക്കണം, നീ ആയിട്ട് കേസിന് പോണം. എനിക്ക് അതാണ് ആവശ്യം’- എന്നാണ് യുവതി വീഡിയോയിൽ പറയുന്നത്.

സംഭവം പുറത്തറിഞ്ഞതോടെ മാന്നാർ പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ ശരീരത്തിൽ അടിയേറ്റ പാടുകളുണ്ട്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവിൽ കുഞ്ഞ് ബന്ധുക്കളുടെ സംരക്ഷണയിലാണെന്നുമാണ് വിവരം.
ALSO READ- രാഹുൽ പ്രതിപക്ഷനേതൃസ്ഥാനത്തേക്ക്? വയനാട് ഒഴിഞ്ഞ് റായ്ബറേലി നിലനിർത്തും; വയനാട്ടിൽ മത്സരിക്കുക കേരളത്തിലെ നേതാവ് തന്നെ
തിരുവനന്തപുരം സ്വദേശിയായ യുവാവാണ് കുഞ്ഞിന്റെ പിതാവ്. യുവതിയും തിരുവനന്തപുരം സ്വദേശിയും പുനഃവിവാഹിതരായതാണ്. ഈ ബന്ധത്തിലുണ്ടായ കുഞ്ഞിനെയാണ് യുവതി മർദ്ദിച്ചത്. യുവതിയുമായുള്ള ബന്ധം ഉപേക്ഷിച്ച് യുവാവ് അടുത്തിടെ മറ്റൊരു വിവാഹം കഴിച്ചിരുന്നതായാണ് വിവരം. ഇതിന്റെ വൈരാഗ്യമാണ് കുഞ്ഞിനെ മർദ്ദിക്കുന്നതിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.

Exit mobile version