തൃശൂർ: തൃശൂർ ഡിസിസി ഓഫീസിൽ കഴിഞ്ഞദിവസമുണ്ടായ ഏറ്റുമുട്ടലിനോട് പ്രതികരിച്ച് കെ മുരളീധരൻ. മണ്ഡലത്തിലെ തോൽവി സംബന്ധിച്ച തമ്മിലടി അവസാനിപ്പിക്കണ. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരാൻ പോവുകയാണ്. തമ്മിലടി തുടർന്നാൽ വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. കഴിഞ്ഞത് കഴിഞ്ഞു. അതിന്റെ പേരിൽ സംഘർഷമുണ്ടാക്കരുത്. അടിയും പോസ്റ്റർ യുദ്ധവും നല്ലതല്ലെന്നും മുരളീധരൻ തുറന്നടിച്ചു.
തനിക്ക് പുതിയ പദവി ആവശ്യമില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ സജീവമായുണ്ടാകും, അതുവരെ മാറിനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ സുധാകരനെ മാറ്റാൻ പാടില്ല. ഇത്രയും നല്ല വിജയമുണ്ടാകുമ്പോൾ അദ്ദേഹത്തെ മാറ്റരുതെന്നും കെ മുരളീധരൻ തുറന്നുപറയുന്നുണ്ട്. തനിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മൂഡില്ല. രാജ്യസഭയിൽ ഒരുകാരണവശാലും പോകില്ല. രാജ്യസഭയിൽ പോകുന്നെങ്കിൽ തന്റെ ആരോഗ്യത്തിന് എന്തെങ്കിലും കുഴപ്പമുണ്ടെന്ന് കരുതണമെന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം, തൃശൂരിലെ തോൽവി സംബന്ധിച്ചും മുരളി പ്രതികരിച്ചു. തൃശൂരിലൊരു കേന്ദ്രമന്ത്രി വന്നാൽ ഗുണം ചെയ്യുമെന്ന് ന്യൂ ജനറേഷനിടയിൽ ചിന്ത വന്നു. പരമ്പരാഗത വോട്ടുകൾ കിട്ടി. ചില ആളുകൾ മാത്രം വിചാരിച്ചാൽ വോട്ട് മറിയില്ല. ഒരാൾക്കെതിരെയും ഒരു പരാതിയും താൻ പറയില്ല. അന്വേഷണ കമ്മിഷന്റെ ആവശ്യമില്ല. കമ്മിഷൻ വന്നാൽ വീണ്ടും അടിയുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പിൽ ആരൊക്കെ കള്ള കളി കളിച്ചെന്ന് ജനങ്ങൾക്കറിയാം. ഭാവിയിൽ ജനങ്ങൾ മറുപടി നൽകും. തൃശൂരിൽ പോകേണ്ട കാര്യമില്ലായിരുന്നു. തെറ്റുകാരൻ താൻ തന്നെയാണ്. ബിജെപിയിൽ പോകുന്നതിനെക്കാൾ നല്ലത് വീട്ടിലിരിക്കുന്നതാണെന്നും മുരളീധരൻ പറഞ്ഞു.