ഇലവുംതിട്ട: ആവേശം സിനിമാ മോഡലിൽ പിറന്നാൾ ആഘോഷിച്ച് റീൽസ് പങ്കുവെച്ച യുവാക്കളെ വിളിച്ചുവരുത്തി പോലീസ് താക്കീത് നൽകി വിട്ടയച്ചു. പത്തനംതിട്ടയിലാണ് സംഭവം. തടികൊണ്ട് വടിവാൾ മാതൃക ഉണ്ടാക്കി കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുകയായിരുന്നു ഇലവുംതിട്ടയിലെ ഒരുകൂട്ടം യുവാക്കൾ.
ഏതാനുംദിവസം മുൻപാണ് ഇവർ വടിവാൾകൊണ്ട് കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച് ഇതിന്റെ ദൃശ്യങ്ങൾ റീൽസായി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇത് വൈറലായതോടെയാണ് പോലീസ് നടപടി. ഈ വീഡിയോ പിന്നീട് ഗുണ്ടാസംഘത്തിന്റെ പിറന്നാൾ ആഘോഷമെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചയുമായിരുന്നു.
തുടർന്ന് ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചും ഇലവുംതിട്ട പോലീസും റീൽസിന്റെ ഉറവിടത്തെകുറിച്ച് ഒരാഴ്ചമുൻപ് അന്വേഷണം തുടങ്ങി. തുടർന്ന് വീഡിയോ ദൃശ്യത്തിലുൾപ്പെട്ട യുവാക്കളെ ചോദ്യംചെയ്തു.
ALSO READ- പ്രമുഖ വ്യവസായി റാമോജി റാവു അന്തരിച്ചു; റാമോജി റാവു ഫിലിംസിറ്റി സ്ഥാപകനും ഈടിവി ഉടമയും
തങ്ങൾ ആവേശം മോഡലിൽ പിറന്നാൾ ആഘോഷിക്കുകയായിരുന്നെന്നും റീൻസിലെ വടിവാൾ തടിയിൽ നിർമിച്ചതാണെന്നും യുവാക്കൾ വെളിപ്പെടുത്തി. ഈ മരത്തടികൊണ്ടുള്ള ‘വാൾ’ സ്റ്റേഷനിൽ ഹാജരാക്കുകയുംചെയ്തു. പരിശോധനയിൽ ഇത് മൂർച്ചയേറിയ ആയുധമല്ലെന്ന് വ്യക്തമായിട്ടുണ്ട്. നിലവിൽ ഈ വാൾ ഇലവുംതിട്ട സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. യുവാക്കൾക്കെതിരേ കേസ് എടുത്തില്ല. ശക്തമായ താക്കീത് നൽകിയാണ് ഇവരെ വിട്ടയച്ചത്.