അമിത വേഗത്തില്‍ ജീപ്പോടിച്ച് നാലുപേരുടെ ജീവന്‍ കവര്‍ന്ന സംഭവം; ജീപ്പ് ഡ്രൈവര്‍ക്ക് 10 വര്‍ഷം കഠിന തടവ് ശിക്ഷ

jeep driver|bignewslive

നെയ്യാറ്റിന്‍കര: അമിത വേഗത്തില്‍ ജീപ്പോടിച്ച് നാലുപേരുടെ ജീവന്‍ കവര്‍ന്ന സംഭവത്തില്‍ ജീപ്പ് ഡ്രൈവര്‍ക്ക് 10 വര്‍ഷം കഠിന തടവും 1.25 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. നെയ്യാറ്റിന്‍കര അഡിഷണല്‍ ജില്ലാ കോടതിയാണ് ജീപ്പ് ഡ്രൈവറെ ശിക്ഷിച്ചത്.

കെ.എസ്.ആര്‍.ടി.സി. പാപ്പനംകോട് ഡിപ്പോയിലെ മെക്കാനിക്കായിരുന്ന കാരയ്ക്കാമണ്ഡപം, കൃഷ്ണാലയത്തില്‍ വിജയകുമാറിനെയാണ്(56) കോടതി ശിക്ഷിച്ചത്. അഡിഷണല്‍ ജില്ലാ ജഡ്ജി എ.എം.ബഷീറാണ് ശിക്ഷ വിധിച്ചത്.

2016 ജൂണ്‍ എട്ടിന് രാത്രി 8.30-ന് അവണാകുഴി കവലയില്‍ വെച്ചായിരുന്നു അപകടം നടന്നത്. വിജയകുമാര്‍ ഓടിച്ചിരുന്ന ജീപ്പ് അമിതവേഗത്തില്‍ അവണാകുഴിയിലെ ഹമ്പില്‍ കയറി നിയന്ത്രണംവിട്ട് എതിരേവന്ന ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു.

അപകടത്തില്‍ നാലുപേര്‍ മരിച്ചു. . ബൈക്കില്‍ സഞ്ചരിച്ച കരുംകുളം, കാവുതട്ട് എല്‍.എസ്. ഭവനില്‍ പാല്‍ക്കച്ചവടക്കാരന്‍ ശശീന്ദ്രന്‍(51), ഓട്ടോറിക്ഷാ ഡ്രൈവര്‍ കണ്ണറവിള, മണ്ണക്കല്ല്, കിണറ്റിന്‍കരവീട് അലക്‌സ് ഭവനില്‍ (യോഹന്നാന്‍-48), ഓട്ടോറിക്ഷയിലെ യാത്രക്കാരായ കണ്ണറവിള, ഇടത്തേക്കോണം, പൊറ്റവിള പുത്തന്‍വീട്ടില്‍ സരോജം(55), കണ്ണറവിള, ബിബു ഭവനില്‍ ബെനഡിക്ട്(സുധാകരന്‍-64) എന്നിവരാണ് മരിച്ചത്.

ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വഴിയാത്രക്കാരിയായ അവണാകുഴി സ്വദേശിനി യശോദ(81)യ്ക്കാണ് പരിക്കേറ്റത്. വിജയകുമാറിന്റെ പേരില്‍ മനഃപൂര്‍വമായ നരഹത്യയ്ക്കാണ് നെയ്യാറ്റിന്‍കര പോലീസ് കേസ് എടുത്ത് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.

Exit mobile version