ചെറുതോണി: വിദേശത്തുള്ള ഭാര്യയുടെ മുഴുവൻ ശമ്പളവും തനിക്ക് കിട്ടണമെന്ന ആവശ്യവുമായി വീട്ടിലെത്തി ബഹളംവെച്ചയാൾ ഭാര്യാമാതാവിനേയും മൂന്നുവയസുകാരിയേയും തീപൊള്ളലേൽപ്പിച്ചു. പൈനാവ് അൻപത്താറ് കോളനിയിൽ താമസിക്കുന്ന കൊച്ചുമലയിൽ അന്നക്കുട്ടി (62), ഇവരുടെ മകന്റെ മകൾ ലിയ എന്നിവർക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. അന്നക്കുട്ടിയുടെ മകൾ പ്രിൻസിയുടെ ഭർത്താവ് സന്തോഷാണ് (50) പ്രതി.
പ്രതിയുടെ ഭാര്യാസഹോദരൻ ലിൻസിന്റെ മൂന്നുവയസ്സുള്ള മകളാണ് ലിയ. സന്തോഷിന്റെ ഭാര്യ പ്രിൻസി ജർമനിയിൽ നഴ്സാണ്. ഭാര്യയുടെ മുഴുവൻ ശമ്പളവും തനിക്കുവേണമെന്ന ആവശ്യവുമായി എത്തിയ ഇയാൾ അക്രമം നടത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അന്നക്കുട്ടിയേയും ലിയയേയും വീട്ടിൽ കയറി പെട്രോൾ ഒഴിച്ച് തീവെയ്ക്കുകയായിരുന്നു. ഇരുവരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അതിതീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.
സംഭവത്തിനുശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പോലീസ് തിരയുന്നു. ബുധനാഴ്ച മൂന്നരയോടെയാണ് സംഭവമുണ്ടായത്. അന്നക്കുട്ടിയുടെ വീട്ടിലെത്തിയ സന്തോഷ് വഴക്കുണ്ടാക്കുകയും കൈയിൽ കരുതിയിരുന്ന പെട്രോൾ അന്നക്കുട്ടിയുടേയും ഒക്കത്തിരുന്ന ലിയയുടേയും ദേഹത്തേക്ക് ഒഴിച്ച് ലൈറ്റർ ഉപയോഗിച്ച് കത്തിക്കുകയുമായിരുന്നു.
തുടർന്ന് പ്രതി ഓടി ബൈക്കിൽ കയറി രക്ഷപ്പെട്ടു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പൊള്ളലേറ്റവരെ ആശുപത്രിയിലാക്കിയത്. അന്നക്കുട്ടിയുടെ മുഖത്തും നെഞ്ചത്തുമായി നാൽപ്പത് ശതമാനം പൊള്ളലേറ്റു. ലിയ കുട്ടികളുടെ ആശുപത്രിയിലെ അതിതീവ്രപരിചരണവിഭാഗത്തിലാണ്. 20 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. പ്രതി സന്തോഷിന്റെ കുട്ടിയും ഈ വീട്ടിൽത്തന്നെയാണ് താമസിക്കുന്നത്. സ്വന്തം കുട്ടിയെ സ്കൂളിൽനിന്ന് വിളിച്ചുകൊണ്ടുവന്ന് തന്റെ സഹോദരനായ സുഗതന്റെ വീട്ടിലാക്കിയതിനുശേഷമാണ് ഇയാൾ അന്നക്കുട്ടിയുടെ വീട്ടിലെത്തി ആക്രമണം നടത്തിയത്.
തോപ്രാംകുടി സ്വദേശിയായ സന്തോഷ് തൊടുപുഴയിൽ ചായക്കച്ചവടം നടത്തുകയാണ്. സന്തോഷിന്റേയും പ്രിൻസിയുടേയും രണ്ടാം വിവാഹമാണ് ഇത്. സന്തോഷിന്റെ ആക്രമണത്തിന്റെ വിവരമറിഞ്ഞ് അന്നക്കുട്ടിയുടെ ബന്ധുക്കൾ വൈകീട്ട് ചെറുതോണിയിലെത്തി സന്തോഷിന്റെ സഹോദരൻ സുഗതന്റെ ഹോട്ടൽ അടിച്ചുതകർത്തു.
Discussion about this post