തിരുവനന്തപുരം: 2024-ലോക്സഭ തെരഞ്ഞടുപ്പ് ഫലം ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
എല്‍ഡിഎഫിന് കേരളത്തില്‍ പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്നും 2019 ലേതിന് ഏറെക്കുറെ സമാനമായ ഫലമാണുണ്ടായതെന്നും ജനവിധി അംഗീകരിച്ചും ആഴത്തില്‍ പരിശോധിച്ചും ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇനി പോരായ്മകള്‍ കണ്ടെത്തി അവ പരിഹരിക്കുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവോടെ നടപ്പാക്കുമെന്നും സര്‍ക്കാരിനെതിരെയുള്ള തെറ്റിദ്ധാരണകള്‍ മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിനെതിരെ സംഘടിതമായി നടക്കുന്ന കുപ്രചരണങ്ങളെ പ്രതിരോധിക്കും. ഏറെ ഗൗരവത്തോടെയാണ് തൃശൂര്‍ മണ്ഡലത്തില്‍ ബിജെപി നേടിയ വിജയത്തെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും മാതൃകയായ നമ്മുടെ നാട്ടില്‍ ബിജെപി ആദ്യമായി ലോക്സഭ മണ്ഡലം വിജയിച്ചത് വിമര്‍ശനാത്മകമായി വിലയിരുത്തേണ്ടതുണ്ടെന്നും അതിന് മതനിരപേക്ഷ -ജനാധിപത്യ വിശ്വാസികളാകെ തയാറാകേണ്ടതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post