ലഖ്നൗ: ഇത്തവണ അഞ്ച് ലക്ഷത്തോളം വോട്ടിന് വാരാണസി ലോക്സഭ മണ്ഡലത്തിൽ നിന്നും വിജയിക്കുമെന്ന ആത്മവിശ്വാസത്തിലിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് വൻതിരിച്ചടി. 1,52,513 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് മോഡി വിജയിച്ചത്. മോഡിക്ക് ഭൂരിപക്ഷം കഴിഞ്ഞതവണത്തേക്കാൾ കുറഞ്ഞത് തോൽവിക്ക് സമാനമായ വിജയമായി അനുഭവപ്പെടുകയാണ്. യുപിയിൽ മാത്രം അറിയപ്പെടുന്ന അജയ് റായ് എന്ന കോൺഗ്രസ് സ്ഥാനാർഥിയിൽ നിന്നേറ്റ തിരിച്ചടി മോഡിക്ക് നാണക്കേടാവുകയാണ്.
2019-ലെ തിരഞ്ഞെടുപ്പിൽ നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മോഡി ജയിച്ചത്. 2019-ലെ ഭൂരിപക്ഷത്തിൽനിന്ന് മൂന്നു ലക്ഷത്തിലേറെ വോട്ടുകളാണ് കുറഞ്ഞത്. ഇത്തവണ ആകെ 6,12,970 വോട്ടുകളാണ് നരേന്ദ്രമോഡിക്ക് ലഭിച്ചത്. കോൺഗ്രസ് സ്ഥാനാർഥി അജയ് റായിക്ക് 4,60,457 വോട്ടും.2019-ൽ 4,79,505 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മോഡിയുടെ ജയം. എന്നാൽ, ഇത്തവണ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു.
അതേസമയം, ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്നും കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ റെക്കോർഡ് വിജയമാണ് നേടിയത്. ഏഴുലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അമിത് ഷാ വീണ്ടും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അമിത് ഷായ്ക്ക് 10,10,972 വോട്ട് ലഭിച്ചപ്പോൾ കോൺഗ്രസ് സ്ഥാനാർഥിയായ സൊനാൽ രമാഭായ് പട്ടേലിന് 2,66,256 വോട്ട് മാത്രമാണ് കിട്ടിയത്. ഭൂരിപക്ഷം 7,44,716 വോട്ടാണ്. കഴിഞ്ഞ തവണ 557,014 വോട്ടായിരുന്നു അമിത് ഷായുടെ ഭൂരിപക്ഷം.
അതേസമയം, രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മൂന്നര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം രണ്ട് മണ്ഡലങ്ങളിൽ നിന്നും ലഭിച്ചത് വലിയ ആത്മവിശ്വാസമായി. വലിയ കുതിപ്പാണ് ഇത്തവണ ഇന്ത്യ സഖ്യം നടത്തിയിരിക്കുന്നത്. രാഹുൽ മത്സരിച്ച റായ്ബറേലിയിൽ 3,90030 വോട്ടിനും വയനാട്ടിൽ 3,64422 വോട്ടിനുമാണ് ജയിച്ചത്.