റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം ഇനി വേഗത്തിലാകും. അബ്ദുല്‍ റഹീമിന്റെ മോചനത്തിനായുള്ള അനുരഞ്ജന കരാറില്‍ എതിര്‍ഭാഗത്തുള്ളവര്‍ ഒപ്പിട്ടു. ഇതോടെ റഹീമിന്റെ മോചനത്തിനുള്ള നടപടികള്‍ വേഗത്തിലാകും. ദയാധനമായ ഒന്നരക്കോടി സൗദി റിയാലിന്റെ ചെക്ക് റഹീമിന് വേണ്ടി സൗദി ഗവര്‍ണറേറ്റിന് കൈമാറിയതിന് പിന്നാലെയാണ് അനസിന്റെ അനന്തരാവകാശികള്‍ അനുരഞ്ജന കരാറില്‍ ഒപ്പ് വെച്ചത്.
ഇരുവിഭാഗവും ഗവര്‍ണറേറ്റിലെത്തി ഉദ്യോഗസ്ഥര്‍ സാക്ഷിയായി കരാറില്‍ ഒപ്പ് വെച്ചതോടെ റഹീമിന്റെ മോചനം യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുകയാണ്. അനുരഞ്ജന കരാറില്‍ ഒപ്പിട്ട് കഴിഞ്ഞതിനാല്‍ ഇനി കോടതി നിര്‍ദേശം അനുസരിച്ച് ഒറിജിനല്‍ ചെക്ക് ഉള്‍പ്പടെയുള്ള രേഖകള്‍ ഗവര്‍ണറേറ്റിലോ കോടതിയിലോ സമര്‍പ്പിക്കും. ഇതോടെ രേഖാമൂലമുള്ള എല്ലാ ഇടപാടുകളും അവസാനിക്കും.
തുടര്‍ന്ന് കോടതി നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചായിരിക്കും മോചനവുമായി ബന്ധപ്പെട്ട അടുത്ത പടി മുന്നോട്ട് പോകുകയെന്ന് റിയാദ് സഹായ സമിതി അറിയിച്ചു.