കാറിലെ സ്വിമ്മിംങ് പൂൾ; പണത്തിന്റെ കൊഴുപ്പുകൊണ്ട് അഹങ്കാരം കാണിച്ച യൂട്യൂബർക്ക് അകത്ത് കിടക്കാം;ശാസനയും ഉപദേശവും അല്ല കടുത്ത നടപടി: ഗണേഷ് കുമാർ

തിരുവനന്തപുരം: യൂട്യൂബ് ചാനലിന്റെ റീച്ചിന് വേണ്ടി ആവേശം മോഡലിൽ വാഹനത്തിനുള്ളിൽ സ്വിമ്മിങ് പൂൾ ഒരുക്കി റോഡിലിറങ്ങിയ യൂട്യൂബർ സഞ്ജു ടെക്കിക്ക് കുരുക്ക് മുറുകുന്നു. കടുത്ത നടപടി തന്നെ യൂട്യൂബർക്ക് എതിരെ സ്വീകരിക്കുമെന്നും ശാസനയും ഉപദേശവും ഒന്നുമല്ല മുതിർന്ന ഒരാൾക്ക് നൽകേണ്ട ശിക്ഷയെന്നും ഗതാഗതവകുപ്പ് മന്ത്രി കെബി ഗണേഷ്‌കുമാർ പറഞ്ഞു.

യുട്യൂബിന് റീച്ച് കൂടുന്നതിൽ തനിക്ക് വിരോധമൊന്നുമില്ലെന്നും എന്നാൽ, നിയമലംഘനം നടത്തി റീച്ച് കൂട്ടാൻ നിൽക്കുന്നവരുടെ വീഡിയോ കണ്ട് പ്രോത്സാഹിപ്പിക്കരുതെന്നാണ് അന്തസുള്ള ആളുകളോട് പറയാനുള്ളതെന്നും മന്ത്രി പറഞ്ഞു.

നിയമങ്ങൾ അനുസരിക്കുകയെന്നതാണ് ഒരു പൗരൻ ചെയ്യേണ്ട അടിസ്ഥാന കാര്യം. ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് കർശനമായ ശിക്ഷയായിരിക്കും നൽകുക. കാറിൽ സ്വിമ്മിങ് പൂൾ ഒരുക്കിയ യുട്യൂബർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും ഇതിന്റെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ടെന്നും ഇത്തരം എല്ലാ കേസുകൾക്ക് എതിരെയും നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.

നിയമത്തെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തികളാണ് നല്ല പൗരൻമാരും മാന്യമാരും. എന്നാൽ, പണക്കൊഴുപ്പും അഹങ്കാരവുമാണ് ഈ യുട്യൂബർ കാണിച്ചിരിക്കുന്നത്. എന്ത് ഗോഷ്ഠിയും കാണിച്ച് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത് അന്തസിന് ചേർന്ന കാര്യമല്ലെന്നും മന്ത്രി വിമർശിച്ചു.

ALSO READ- അരലക്ഷം ചോദിച്ചു; നാൽപ്പതിനായിരത്തിൽ ഉറപ്പിച്ചു; കൈക്കൂലി എണ്ണിവാങ്ങുന്നതിനിടെ മണ്ണാർക്കാട് സർവേയർ വിജിലൻസ് പിടിയിലായി

ആ സംസ്‌കാരമൊക്കെ കൈയിൽവെച്ചാൽ മതി. ഇതിനുമുമ്പുള്ള വീഡിയോയും പരിശോധിക്കും വാഹനവുമായി ബന്ധപ്പെട്ട എന്തെങ്കിലും വേലത്തരമുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കും. ഉപദേശിച്ചോ ശാസിച്ചോ വിടുന്നത് ആയിരിക്കില്ല നടപടി. അറിവില്ലായ്മ കൊണ്ട് കൊച്ചുകുട്ടികൾ ചെയ്യുന്ന തെറ്റുകൾക്കാണ് ഉപദേശവും ശാസനയുമൊക്കെ വേണ്ടത്. ഇവരെ ഗാന്ധിഭവനിലും മെഡിക്കൽ കോളേജിലുമൊക്കെ സേവനത്തിന് വിടുന്നത് നല്ലതാണ്.

ALSO READ- കുടുംബവഴക്ക്; തിന്നറൊഴിച്ച് ഭർത്താവ് തീകൊളുത്തി; ഭാര്യയും മകനും ചികിത്സയിലിരിക്കെ മരിച്ചു; ദാരുണസംഭവം തിരുവനന്തപുരത്ത്

എന്നാൽ, പ്രായപൂർത്തിയായിട്ടും പണത്തിന്റെ കൊഴുപ്പുകൊണ്ട് അഹങ്കാരം കാണിച്ചാൽ അകത്ത് കിടക്കുമെന്നാണ് തനിക്ക് പറയാനുള്ളതെന്നും മന്ത്രി ഗണേഷ് കുമാർ ഹൈക്കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പ് നൽകി.

നിയമലംഘനം നടത്തിയ യൂട്യൂബർക്ക് എതിരെ മോട്ടോർ വാഹനവകുപ്പിന് നിയമപരമായി സ്വീകരിക്കാവുന്ന ഏറ്റവും വലിയ നടപടി തന്നെ എടുക്കും. കൈയിൽ കാശുണ്ടെങ്കിൽ വീട്ടിൽ സ്വിമ്മിങ് പൂൾ ഉണ്ടാക്കി നീന്തട്ടെ. കാശുണ്ടെന്ന് കരുതി കാറിൽ സ്വിമ്മിങ് പൂൾ ഉണ്ടാക്കി റോഡിൽ ഇറങ്ങുകയാണോ വേണ്ടതെന്നും മന്ത്രി ചോദിച്ചു.

Exit mobile version