തിരുവനന്തപുരം: കുടുംബവഴക്കിനിടെ ഭർത്താവ് തീക്കൊളുത്തി പൊള്ളലേൽപ്പിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന വീട്ടമ്മയും മകനും മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചെമ്മരുതി ആശാൻമുക്കിനു സമീപം കുന്നത്തുവിള വീട്ടിൽ രാജേന്ദ്രന്റെ ഭാര്യ ബിന്ദു(42), മകൻ അമൽ രാജ് (18) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇരിവരേയും ഞായറാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൊള്ളലേറ്റ രാജേന്ദ്രൻ തൽക്ഷണം മരിച്ചിരുന്നു.
ഞായറാഴ്ചയായിരുന്നു സംഭവം. വൈകിട്ട് അഞ്ചിനാണ് അമൽരാജിനെയും ബിന്ദുവിനെയും അച്ഛൻ രാജേന്ദ്രൻ പെയിന്റിങ്ങ് പണിക്ക് ഉപയോഗിക്കുന്ന തിന്നർ ഒഴിച്ച് തീകൊളുത്തിയത്. ഇരുവരേയും തീകൊളുത്തിയ രാജേന്ദ്രനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇയാൾ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു.
പൊള്ളലേറ്റ ബിന്ദുവിനേയും മകൻ അമൽരാജിനെയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നിലഗുരുതരമായതിനാൽ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കുടുബപ്രശ്നങ്ങളെ തുടർന്ന് രാജേന്ദ്രനും ഭാര്യ ബിന്ദുവും കഴിഞ്ഞ എട്ട് മാസമായി അകന്ന് കഴിയുകയായിരുന്നു. പിന്നീട് ഞായറാഴ്ച വൈകീട്ട് മൂന്നിന് കുടുബശ്രീ യോഗത്തിൽ പങ്കെടുത്തശേഷം ബിന്ദു തന്റെ അവശ്യസാധനങ്ങൾ എടുക്കുന്നതിനായി മകനെയും മകൾ സാന്ദ്രയെയും കൂട്ടി രാജേന്ദ്രന്റെ വീട്ടിലെത്തിയിരുന്നു. ഈ സമയത്ത് ഇവർ തമ്മിലുണ്ടായ വാക്കുതർക്കത്തിന് പിന്നാലെയാണ് രാജേന്ദ്രൻ വീട്ടിൽ കരുതിയിരുന്ന തിന്നർ ഇവരുടെ ദേഹത്തും സ്വന്തം ശരീരത്തിലും ഒഴിച്ച് തീ കൊളുത്തുകയത്.
ഈ സംഭവം നടക്കുമ്പോൾ മകൾ വീടിന് വെളിയിൽ നിൽക്കുകയായിരുന്നു. നിലവിളി കേട്ട് മകളും നാട്ടുകാരും ഓടി എത്തുമ്പോഴേക്കും രാജേന്ദ്രൻ പൊള്ളലേറ്റ് മരിച്ചിരുന്നു. വീടിനും തീ പടർന്നിരുന്നു. വർക്കല അഗ്‌നിരക്ഷാസേനയും അയിരൂർ പോലീസും സ്ഥലത്തെത്തി ഗുരുതരാവസ്ഥയിലുള്‌ല ബിന്ദുവിനെയും മകനെയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പെയിന്റിങ് തൊഴിലാളിയായ രാജേന്ദ്രൻ വീട്ടിൽ സൂക്ഷിച്ചിരുന്ന തിന്നർ ഉപയോഗിച്ചാണ് തീകൊളുത്തിയതെന്നാണ് പോലീസ് നിഗമനം.