മൂലമറ്റം: പൊതുജനങ്ങൾ ആശ്രയിക്കുന്ന കുടിവെള്ള സ്രോതസ്സിന് സമീപം ഭക്ഷണമാലിന്യം വലിച്ചെറിഞ്ഞ വിദ്യാർഥികളെ മാതൃകാപരമായി ശിക്ഷിച്ച് പഞ്ചായത്ത് അധികൃതർ. അറക്കുളം ആലിൻചുവട് ഭാഗത്തെ കുടിവെള്ളസ്രോതസ്സിന് സമീപമാണ് കോളേജ് വിദ്യാർഥികൾ മാലിന്യമെറിഞ്ഞത്. ഇവർക്ക് 1000 രൂപ പിഴയും നൂറുതവണ ഇംപോസിഷനും നൽകുകയായിരുന്നു അറക്കുളം പഞ്ചായത്ത്.
‘ഇനി ഞാൻ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയില്ല’ എന്ന സത്യവാചകമാണ് വിദ്യാർഥികളെ കൊണ്ട് നൂറു തവണയെഴുതിപ്പിച്ചത്. പഞ്ചായത്ത് ഓഫീസിൽ വെച്ചുതന്നെ നൂറുപ്രാവശ്യം ഇത് എഴുതിക്കൊടുത്ത് ആയിരം രൂപ പിഴയുമടച്ചാണ് വിദ്യാർഥികൾ മടങ്ങിയത്.
നേരത്തെ മാലിന്യം വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് കോളേജ് വിദ്യാർഥികൾ 10,000 രൂപ പിഴയടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് നോട്ടീസ് നൽകിയിരുന്നു. ഈ തുക അടയ്ക്കാൻ ശേഷിയില്ലെന്ന് സൂചിപ്പിച്ച് വിദ്യാർഥികൾ അപേക്ഷ നൽകിയിരുന്നു. ഇതുപരിഗണിച്ചാണ് പിഴ പത്തിലൊന്നായി കുറച്ചത്. ഒപ്പം മാതൃകാപരമായ ശിക്ഷയുടെ ഭാഗമായി സത്യവാചകം എഴുതിപ്പിച്ചതും.
കുറച്ചുനാൾ മുൻപാണ് വിദ്യാർഥികൾ ബൈക്കിലെത്തി മാലിന്യംതള്ളിയത്. ഇതുകണ്ട ഒരു വ്യക്തിയാണ് വീഡിയോയിൽ പകർത്തി ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. തുടർന്ന് ജില്ലാ ഹരിതകേരളം മിഷൻ വിഷയം പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ഭരണസമിതി നടപടിയെടുക്കുകയുമായിരുന്നു.
നൂറിലേറെ കുടുംബങ്ങൾ കുടിക്കാനും മറ്റും ഉപയോഗിക്കുന്ന ജലസ്രോതസ്സിന് സമീപമാണ് വിദ്യാർഥികൾ മാലിന്യംതള്ളിയതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിച്ചിരുന്നു.
Discussion about this post