മംഗലംഡാം: കാടിനകത്ത് വെള്ളച്ചാട്ടം കാണാൻ പോയി കുടുങ്ങിപ്പോയ ആറ് യുവാക്കളെയും രക്ഷപ്പെടുത്തി നാട്ടുകാരും വനംവകുപ്പും. കടപ്പാറ ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ പോയ യുവാക്കളാണ് ശക്തമായ മഴയെത്തുടർന്ന് പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിൽ കാരണം കാട്ടിൽ കുടുങ്ങിയത്. വടക്കഞ്ചേരി ചന്തപ്പുര സ്വദേശികളായ അൻസിൽ (17), മുഹമ്മദ് ഹാഷിം (19), മുഹമ്മദ് നാസിം (18), മുഹമ്മദ് ഹാഷിം (18), മുഹമ്മദ് ആഷിഖ് (17), ഷാഹിദ് (17) എന്നിവരാണു കാട്ടിലകപ്പെട്ടത്.
കാടിനകത്തേക്ക് തോട് കടന്നാണ് പോയത്. എന്നാൽ തിരികെ വരുമ്പോൾ മലവെള്ളപ്പാച്ചിൽ കാരണം തോട്ടിൽ അതിശക്തമായ ഒഴുക്കായിരുന്നു. തോട് കടക്കാൻ കഴിയാതെ വന്നതോടെ യുവാക്കൾ തോടിനക്കരെ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങി നിൽക്കുകയായിരുന്നു. പിന്നീട് ഇതുവഴി വന്ന സമീപത്തെ കോളനി നിവാസിയായ മാണിക്യൻ എന്ന രാജപ്രിയനാണ് തോടിനരികിൽ ബൈക്ക് കണ്ട് അന്വേഷിച്ചത്.
ഈ സമയത്ത് ഉറക്കെ ബഹളം വെച്ച് യുവാക്കൾ കാട്ടിൽ കുടുങ്ങിയ വിവരം മാണിക്യനെ അറിയിച്ചു. ഇദ്ദേഹം നാട്ടുകാരേയും അഗ്നിരക്ഷാ സേനയെയും അറിയിച്ചതാണ് യുവാക്കളുടെ രക്ഷയ്ക്കുള്ള വഴിയൊരുക്കിയത്.
വടക്കഞ്ചേരിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും മംഗലംഡാം പോലീസും മംഗലംഡാം വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണു നാട്ടുകാരുടെ സഹായത്തോടെ യുവാക്കളെ ഇക്കരയെത്തിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരയോടെ ആലിങ്കൽ വെള്ളച്ചാട്ടം കാണാനെത്തിയ സംഘമാണ് കാടുകയറി പോയത്.
വൈകീട്ട് 6 മണിയോടെ തളികക്കല്ല് കോളനിയിലേക്കു പോകുകയായിരുന്ന രാജപ്രിയൻ ഇവരെ കണ്ടതാണ് രക്ഷാപ്രവർത്തനം വേഗത്തിലാക്കിയത്. ഒന്നര മണിക്കൂർ കൊണ്ടാണ് യുവാക്കളെ രക്ഷിച്ചത്. പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. തോട് കരകവിഞ്ഞൊഴുകിയതോടെ കടപ്പാറയിലെ കടകളിലും മറ്റും വെള്ളം കയറി നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.
Discussion about this post