തിരുവനംന്തപുരം: പുതിയ അധ്യയന വര്‍ഷത്തിനു തുടക്കം കുറിച്ച് സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതര്‍ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ. സംസ്ഥാനതല പ്രവേശനോത്സവം കൊച്ചി എളമക്കര സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. രാവിലെ 9 മണി മുതല്‍ ഒന്നാം ക്ലാസിലെത്തുന്ന കുട്ടികളെ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും.
9.30ന് പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്കാരം അവതരിപ്പിക്കും. തുടര്‍ന്നാണ് ഉദ്ഘാടന ചടങ്ങുകള്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഇന്ന് പ്രാദേശികാടിസ്ഥാനത്തില്‍ പ്രവേശനോത്സവമുണ്ട്.
അതേസമയം, വലിയ മാറ്റങ്ങളുമായാണ് ഇത്തവണ സ്കൂള്‍ തുറക്കല്‍. പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം പാഠപുസ്തകങ്ങള്‍ പരിഷ്കരിച്ചു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പാഠപുസ്തകങ്ങളിലാണ് മാറ്റം.
Discussion about this post