മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ മുറിവ് തുന്നിക്കെട്ടാനുള്ള ചികിത്സയ്ക്കിടെ നാലു വയസുകാരൻ മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ അന്വേഷണം. സംഭവത്തിൽ അസ്വാഭാവിക മരണത്തിൽ കൊണ്ടോട്ടി പോലീസ് കേസെടുത്തു. ചികിത്സ പിഴവ് ആരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ് ഷാനിൽ മരിച്ച സംഭവത്തിലാണ് സ്വകാര്യ ആശുപത്രിക്ക് എതിരെ ആരോപണം ഉയർന്നിരിക്കുന്നത്. ഇന്നലെയാണ് കൊണ്ടോട്ടി മേഴ്സി ആശുപത്രിയിൽ വെച്ച് ഷാനിൽ എന്ന നാലുവയസുകാരൻ ചികിത്സയ്ക്കിടെ മരിച്ചത്. വായിലെ മുറിവ് തുന്നിക്കെട്ടാൻ അനസ്തീഷ്യ നൽകിയതിന് പിന്നാലെയായിരുന്നു കുഞ്ഞ് മരിച്ചത്.
കളിക്കുന്നതിനിടെ വായിൽ കമ്പു കൊണ്ട് മുറിഞ്ഞതിനെ തുടർന്നാണ് കുഞ്ഞിനെ കൊണ്ടോട്ടി മേഴ്സി ആശുപത്രിയിലെത്തിച്ചത്. മുറിവിനു തുന്നലിടാനായി അനസ്തേഷ്യ നൽകണമെന്നായിരുന്നു ഡോക്ടർമാരുടെ നിർദേശം. തുടർന്ന് അനസ്തേഷ്യ നൽകി അൽപ്പസമയത്തിനുള്ളിൽ കുഞ്ഞ് മരിച്ചു. ഇതോടെ മരണകാരണം ചികിത്സാ പിഴവാണെന്നാരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു.
എന്നാൽ, ചികിത്സാ പിഴവുണ്ടായിട്ടില്ലെന്നും പ്രോട്ടോക്കോൾ പ്രകാരമുള്ള ചികിത്സകളാണ് കുഞ്ഞിനു നൽകിയതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
Discussion about this post