അടുക്കളപ്പണി ചെയ്ത് അച്ഛനും അമ്മയും; പാവയുമായി ആൺകുട്ടി; മൂന്നാം ക്ലാസ് പാഠപുസ്തകത്തിലെ ചിത്രങ്ങൾ ശ്രദ്ധേയം; സൈബർ ലോകത്ത് അഭിനന്ദനം

തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന സർക്കാർ പുറത്തിറക്കിയ മൂന്നാം ക്ലാസിലെ പാഠപുസ്തകത്തിൽ ഉൾക്കൊള്ളിച്ച ആശയം ശ്രദ്ധേയമാകുന്നു. മുൻപത്തെ പാഠപുസ്തകങ്ങളിലുണ്ടായിരുന്ന ആശയത്തെ പൊളിച്ചടുക്കുന്നതാണ് പുതുതായി ഇറക്കിയ പാഠപുസ്തകങ്ങളിലുള്ളത്.

അടുക്കളപ്പണികളിൽ ലിംഗവ്യത്യാസമില്ലെന്ന് കാണിക്കുന്ന ഒരു അധ്യായമാണ് ചർച്ചയാകുന്നത്. അമ്മയും അച്ഛനും അടുക്കളപ്പണികളിൽ ഏർപ്പെട്ടിരിക്കുന്നതാണ് ചിത്രത്തിലുള്ളത്. ചിത്രത്തിൽ അച്ഛൻ തേങ്ങ ചിരകുകയും അമ്മ പാചകത്തിൽ ഏർപ്പെട്ടിരിക്കുകയുമാണ്. ഒപ്പം കുട്ടികളും സഹായത്തിനുണ്ട്. ആൺകുട്ടി കരടി പാവയെ കൈയ്യിലെടുത്താണ് നിൽക്കുന്നത്.

ALSO READ- രോഗിയായ മകളെ കഴുത്തറുത്ത് അമ്മ ജീവനൊടുക്കിയ സംഭവം; കൃത്യത്തിന് പിന്നിൽ വീട് നഷ്ടപ്പെടുമെന്ന ഭയവും എങ്ങോട്ട് പോകുമെന്ന ആശങ്കയുമെന്ന് പോലീസ്

അധ്യായത്തിലെ ഈ ചിത്രത്തിനുള്ള അടിക്കുറിപ്പ് ഇങ്ങനെ, ‘വീട്ടിലെ പ്രധാന തൊഴിലിടമാണ് അടുക്കള, ചിത്രം നോക്കൂ..’ സമത്വമെന്ന ആശയം വീട്ടിൽ നിന്ന് തുടങ്ങണമെന്ന സന്ദേശമാണ് ചിത്രം നൽകുന്നത്.

അടുക്കളയിൽ പണിയെടുക്കുന്നത് അമ്മയാണെന്നും അച്ഛൻ പുറത്തേക്ക് ജോലിക്കായി പോകുന്നയാളാണെന്നും പാവ കൊണ്ട് കളിക്കുന്നത് പെൺകുട്ടികളാണെന്നുമൊക്കെ ഉൾപ്പെടുത്തിയായിരുന്നു മുൻകാലത്തെ പാഠപുസ്തകങ്ങൾ അച്ചടിച്ച് എത്തിയിരുന്നത്. അതിൽ നിന്നും വിഭിന്നമായി ലിംഗസമത്വത്തെ കുറിച്ച് കുട്ടികളിൽ അറിവുണ്ടാക്കാൻ സഹായിക്കുന്നതാണ് പുതിയ പാഠപുസ്തകത്തിലെ ഈ ഏടെന്നാണ് ഉയരുന്ന അഭിപ്രായം.

ഈ അധ്യായത്തെ പ്രശംസിക്കുകയാണ് സോഷ്യൽമീഡിയ. നിരവധി പേരാണ് ഈ ചിത്രം പങ്കിട്ട് രംഗത്തെത്തിയിരിക്കുന്നത്.

Exit mobile version