രോഗിയായ മകളെ കഴുത്തറുത്ത് അമ്മ ജീവനൊടുക്കിയ സംഭവം; കൃത്യത്തിന് പിന്നിൽ വീട് നഷ്ടപ്പെടുമെന്ന ഭയവും എങ്ങോട്ട് പോകുമെന്ന ആശങ്കയുമെന്ന് പോലീസ്

നെയ്യാറ്റിൻകര: കിടപ്പുരോഗിയായ മകളുടെ കഴുത്തറുത്ത ശേഷം വയോധികയായ അമ്മ തീകൊളുത്തി മരിച്ച സംഭവത്തിന് പിന്നിൽ വീട് നഷ്ടപ്പെടുമെന്ന് ഭയം ഉൾപ്പടെയുള്ളവയെന്ന് പോലീസ്. നെയ്യാറ്റിൻകര, റെയിൽവേ പാലത്തിന് സമീപം വഴുതൂർ, ബി.എൽ.ആർ.എ-93, മുക്കംപാലവിളവീട്ടിൽ ലീല(77) ആണ് ജീവനൊടുക്കിയത്. കഴുത്തിന് മുറിവേറ്റ മകൾ ബിന്ദു (48)ചികിത്സയിലാണ്.

ഇവരുടെ വീട് ഉൾപ്പടെയുള്ള പ്രദേശം റെയിൽവേ പാത ഇരട്ടിപ്പിക്കലിനുവേണ്ടി ഏറ്റെടുക്കാനിരിക്കുകയാണ്. ഈ വീടുംസ്ഥലവും നഷ്ടപ്പെട്ടാൽ എങ്ങോട്ട് പോകുമെന്ന ആശങ്ക പലവട്ടം ലീല അയൽക്കാരോടും ബന്ധുക്കളോടും പങ്കുവെച്ചിരുന്നു.

ലീല രണ്ടാമത്തെ മകൾ ബിന്ദു(48)വിന്റെ കഴുത്ത് കത്തികൊണ്ട് അറുത്തശേഷം മണ്ണെണ്ണ ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നെന്നാണ് പോലീസ് നിഗമനം. കഴുത്തിന് മുറിവേറ്റ ബിന്ദു നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബിന്ദുവിനും ലീലയ്ക്കുമുള്ള ഭക്ഷണവുമായി ശനിയാഴ്ച രാവിലെ അയൽവാസി കൂടിയായ ബന്ധു വീട്ടിലെത്തുമ്പോഴാണ് സംഭവം പുറത്തറിയുന്നത്. ശനിയാഴ്ച പുലർച്ചെയായിരിക്കും സംഭവം നടന്നതെന്ന് പോലീസ് കരുതുന്നു.

അതേസമയം, സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. നെയ്യാറ്റിൻകര ഗേൾസ് സ്‌കൂളിലെ പാചകത്തൊഴിലാളിയാണ് മരിച്ച ലീല. ഇളയ മകൾ സിന്ധുവിന്റെ പേരിലാണ് ഇവർതാമസിക്കുന്ന വീടും സ്ഥലവും. ഈ വീടും സ്ഥലവും റെയിൽപാത ഇരട്ടിപ്പിക്കലിനായി ഏറ്റെടുക്കാൻ നടപടിയായിയിരുന്നു. റെയിൽവേ സ്ഥലമേറ്റെടുക്കുമ്പോൾ നഷ്ടപരിഹാരം ഇളയമകളായ സിന്ധുവിനാണ് ലഭിക്കുക. അതുകൊണ്ട് വീട് വിട്ടിറങ്ങിയാൽ മകളുമൊത്ത് എവിടെ പോകുമെന്ന ആശങ്കയിലായിരുന്നു ലീല.

ലീലയുടെ ഭർത്താവ് ആരോഗ്യവകുപ്പ് ജീവനക്കാരനായിരുന്ന രാജമണി പത്ത് വർഷം മുൻപ് മരിച്ചിരുന്നു. അച്ഛന്റെ ജോലി മകനായ ചന്ദ്രനെന്ന അനിൽകുമാറിന് ലഭിച്ചിരുന്നു. ആറ് മാസം മുൻപ് അനിൽകുമാറും മരണപ്പെട്ടു. ലീലയ്ക്ക് ഭർത്താവിന്റെ മരണശേഷം കുടുംബ പെൻഷൻ ലഭിച്ചിരുന്നു. ഇതിനൊപ്പം ഗേൾസ് സ്‌കൂളിൽനിന്ന് പാചക തൊഴിലാളിയ്ക്കുള്ള ശമ്പളവും ലഭിച്ചിരുന്നു. ഈ പണംകൊണ്ടാണ് അമ്മയും മകളും കഴിഞ്ഞിരുന്നത്.

ALSO READ- താമരശ്ശേരിയില്‍ 10 വയസ്സുള്ള പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം; 51കാരന്‍ അറസ്റ്റില്‍

ബിന്ദുവിനെ കരമനയിൽ കല്യാണം കഴിച്ച് അയച്ചിരുന്നു. നാല് വർഷം മുൻപ് ഭർത്താവ് രാജൻ മരിച്ചു. പിന്നീട് സഹോദരനായ അനിൽകുമാർ മരിച്ചതിനുശേഷം ബിന്ദു അമ്മയ്‌ക്കൊപ്പം വഴുതൂരിലെ വീട്ടിലാണ് താമസിച്ചുവന്നിരുന്നത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Exit mobile version