തൊടുപുഴ: അതിശക്തമായ മഴയില്‍ ഇടുക്കിയില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും വന്‍നാശ നഷ്ടം. കഴിഞ്ഞ ദിവസം രാത്രി പൂച്ചപ്രയിലാണ് ഉരുള്‍പ്പൊട്ടിയത്. ആള്‍ താമസം ഉണ്ടായിരുന്ന വീടിന് സമീപത്താണ് ഉരുള്‍പൊട്ടലുണ്ടായത്.
ഉഗ്രശബ്ദത്തോടെ ഒരു വലിയ പാറ അടക്കം ഇടിഞ്ഞ് താഴോട്ട് പതിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്നവരെ വലിയ പനവെട്ടിയിട്ടാണ് രക്ഷപ്പെടുത്തിയത്. നാളിയാനിക്ക് പോകുന്ന വഴിയിലായിരുന്നു സംഭവം.
also read:ഉത്തരേന്ത്യയില്‍ കനത്ത ചൂട്, ഉഷ്ണതരംഗത്തില്‍ മരണം 110 ആയി, ആയിരത്തിലധികം പേര്‍ ചികിത്സയില്‍
മണ്ണിടിഞ്ഞ് താഴ്ന്നതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ഇടുക്കിയിലെ തൊടുപുഴ, മൂലമറ്റം, കോളപ്പുറ, ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പല സ്ഥലത്തും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.
രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. തൊടുപുഴയില്‍ രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായി. കനത്ത മഴയില്‍ തൊടുപുഴ- പുളിയന്‍മല സംസ്ഥാനപാതയില്‍ നാടുകാണിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. കാറിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. കാറിലുണ്ടായവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.