തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസിന് മുന്നിലേക്ക് ബൈക്ക് ഇടിച്ചു കയറി അപകടം; യുവാക്കള്‍ തെറിച്ച് വീണു; പരിക്ക്

ബൈക്ക് യാത്രികർ തൊട്ടുമുന്നിലുള്ള വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ബസിന്‍റെ മുന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

തിരുവനന്തപുരം: തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. നാഗര്‍കോവില്‍ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ്സും തിരുവനന്തപുരത്ത് നിന്നും നെയ്യാറ്റിന്‍കര ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും ഇടിച്ചാണ് അപകടം.

കരകുളം സ്വദേശിയായ അരുണ്‍ (29), പാപ്പനംകോട് സ്വദേശി രമേഷ് (29) എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബൈക്ക് യാത്രികര്‍ തൊട്ടുമുന്നിലുള്ള വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ബസിന്റെ മുന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ബൈക്കില്‍ നിന്നും തെറിച്ച് വീണ് ബസിന്റെ അടിയില്‍പ്പെട്ട ബൈക്ക് യാത്രികര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

വിവരമറിഞ്ഞ് നെയ്യാറ്റിന്‍കര ഫയര്‍ഫോഴ്‌സും, പോലീസും എത്തിയാണ് ബൈക്ക് യാത്രികരെ ബസ്സിനടിയില്‍ നിന്നും പുറത്തെത്തിച്ചത്. ഇരുവരെയും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.

Exit mobile version