ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍; കണ്ണൂരില്‍ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് നിയന്ത്രണം

ഒരു വിധ അനിഷ്ട സംഭവവും ഇല്ലാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ പോലീസിന്റെ നേതൃത്വത്തില്‍ ചെയ്യുമെന്ന് കലക്ടര്‍ അറിയിച്ചു.

കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ശേഷമുള്ള ആഹ്ലാദ പ്രകടനങ്ങള്‍ക്ക് കണ്ണൂരില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഉത്തരവ്. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഒരു വിധ അനിഷ്ട സംഭവവും ഇല്ലാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ പോലീസിന്റെ നേതൃത്വത്തില്‍ ചെയ്യുമെന്ന് കലക്ടര്‍ അറിയിച്ചു.

വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സ്ഥാനാര്‍ഥികളും യോഗത്തില്‍ പങ്കെടുത്തു. പോളിങ് ഭംഗിയായും സമാധാനപരമായും പൂര്‍ത്തിയാക്കുവാന്‍ പൂര്‍ണ്ണ പിന്തുണ നല്‍കിയ പോലെ വോട്ടെണ്ണല്‍ ദിനത്തിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപൂര്‍ണ പിന്തുണ ഉണ്ടാകണമെന്ന് കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

രാഷ്ടീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനങ്ങള്‍ ജൂണ്‍ നാലിന് രാത്രി ഒമ്പത് മണിക്ക് മുന്‍പായി അവസാനിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. പൊതുജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെയും റോഡ് ഗതാഗതത്തിന് തടസ്സങ്ങള്‍ സൃഷ്ടിക്കാതെയും മാത്രമേ പ്രകടനങ്ങള്‍ നടത്താവൂ. ആഹ്ലാദപ്രകടനങ്ങള്‍ ജില്ലയില്‍ പൊതുവില്‍ രാത്രി ഒമ്പത് മണിവരെയാണ് അനുവദിക്കുക.

എന്നാല്‍ പ്രശ്‌ന സാധ്യത സ്ഥലങ്ങളിലെ വിജയാഘോഷങ്ങളുടെ സമയ പരിധി ആവശ്യമെങ്കില്‍ പരിമിതപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. ഇതിനായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ പൊലീസ് സ്റ്റേഷന്‍ തലത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിക്കും. ഈ യോഗ തീരുമാന പ്രകാരം ആവശ്യമെങ്കില്‍ പ്രാദേശികമായി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

Exit mobile version