കോഴിക്കോട്: ഹോട്ടലിലെ മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ട് ശുചീകരണ തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. റിനീഷ് കൂരാച്ചുണ്ട്, അശോകന്‍ കിനാലൂര്‍ എന്നിവരാണ് മരിച്ചത്. കോവൂര്‍ ഇരിങ്ങാടന്‍ പള്ളിയിലെ ഹോട്ടലിലാണ് ദാരുണ സംഭവമുണ്ടായത്.
വൈകീട്ട് 4 മണിയോടെ മാലിന്യ ടാങ്ക് വൃത്തിയാക്കാനെത്തിയതായിരുന്നു ഇരുവരും. അടച്ചിട്ട ഹോട്ടലില്‍ 10 അടി താഴ്ചയിലുളള മാലിന്യ ടാങ്കായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ രണ്ടടി ഉയരത്തില്‍ വെള്ളമുണ്ടായിരുന്നു. ടാങ്കിലേക്ക് ആദ്യം ഇറങ്ങിയ ആള്‍ക്ക് ബോധക്ഷയം ഉണ്ടായി. ഇയാളെ രക്ഷിക്കാന്‍ പിന്നാലെയിറങ്ങിയ രണ്ടാമത്തെയാള്‍ക്കും ബോധം നഷ്ടപ്പെട്ടു.
ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി പുറത്തെടുത്ത് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.