23+17=30! മൂല്യനിര്‍ണയം നടത്തിയ അധ്യാപകന്‍ മാര്‍ക്ക് കൂട്ടിയപ്പോള്‍ പിഴവ്, പത്താംക്ലാസുകാരന് എ പ്ലസ് നഷ്ടം; സംഭവിച്ചത് ഗുരുതര പിഴവ്

കണ്ണൂര്‍ കടന്നപ്പളളി സ്‌കൂളിലെ ധ്യാന്‍ കൃഷ്ണയുടെ ജീവശാസ്ത്രം ഉത്തരക്കടലാസിന്റെ മൂല്യനിര്‍ണയത്തിലാണ് അധ്യാപകന് ഗുരുതര പിഴവ് സംഭിച്ചത്.

കണ്ണൂര്‍: കണ്ണൂരില്‍ പത്താംക്ലാസ് പരീക്ഷയുടെ മൂല്യനിര്‍ണയം നടത്തിയ അധ്യാപകന്‍ മാര്‍ക്ക് കൂട്ടി എഴുതിയപ്പോള്‍ സംഭവിച്ചത് വന്‍ പിഴവ്. ഇതോടെ വിദ്യാര്‍ത്ഥിക്ക് അര്‍ഹമായ എ പ്ലസ് നഷ്ടമായി. കണ്ണൂര്‍ കടന്നപ്പളളി സ്‌കൂളിലെ ധ്യാന്‍ കൃഷ്ണയുടെ ജീവശാസ്ത്രം ഉത്തരക്കടലാസിന്റെ മൂല്യനിര്‍ണയത്തിലാണ് അധ്യാപകന് ഗുരുതര പിഴവ് സംഭിച്ചത്.

40ല്‍ 40 കിട്ടേണ്ട ഉത്തരക്കടലാസിന്റെ പുനര്‍മൂല്യ നിര്‍ണയത്തിലാണ് അബദ്ധം കണ്ടെത്തിയത്. സ്‌കോര്‍ ഷീറ്റില്‍ 23ഉം 17ഉം കൂട്ടി 40 എന്ന് രേഖപ്പെടുത്തേണ്ടതിന് പകരം 30 എന്നാണ് അധ്യാപകന്‍ തെറ്റായി രേഖപ്പെടുത്തിയത്. ഇതോടെ ഒരു വിഷയത്തില്‍ എ പ്ലസ് നഷ്ടമായതോടെ മുഴുവന്‍ വിഷയങ്ങളിലും ഫുള്‍ എ പ്ലസ് എന്ന നേട്ടവും പരീക്ഷ ഫലം വന്ന സമയത്ത് ധ്യാന്‍ കൃഷ്ണയ്ക്ക് നഷ്ടമായി.

പത്താം ക്ലാസ് പരീക്ഷാ ഫലം വന്നപ്പോള്‍ ധ്യാന്‍ കൃഷ്ണയ്ക്ക് ഒന്‍പത് വിഷയങ്ങളില്‍ എ പ്ലസും ജീവിശാസ്ത്രത്തില്‍ എ ഗ്രേഡുമാണ് ലഭിച്ചത്. ജീവശാസ്ത്രത്തില്‍ എ പ്ലസില്‍ കുറഞ്ഞ ഗ്രേഡ് ധ്യാന്‍ പ്രതീക്ഷിച്ചതല്ല. എളുപ്പമായിരുന്ന ജീവശാസ്ത്ര പരീക്ഷയില്‍ എ പ്ലസ് ലഭിക്കുമെന്ന് തന്നെ ധ്യാന്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍, ഫലം വന്നപ്പോള്‍ ജീവശാസ്ത്രത്തിന് മാത്രം എ ആയി.

ഇതോടെ എ പ്ലസ് ലഭിച്ച ജീവശാസ്ത്രത്തിന്റെ ഉത്തരക്കടലാസ് പുനര്‍ മൂല്യനിര്‍ണയം ചെയ്യുന്നതിന് അപേക്ഷിച്ചു. ഇതോടൊപ്പം ജീവശാസ്ത്രത്തിന്റെ ഉത്തരക്കടലാസ് ലഭിക്കാനുള്ള അപേക്ഷയും നല്‍കി. രണ്ടിനും കൂടി 600 രൂപയാണ് ചെലവായത്.

പുനര്‍ മൂല്യനിര്‍ണയത്തിന്റെ ഫലം വന്നപ്പോള്‍ ജീവശാസ്ത്രത്തിന് ലഭിച്ച എ ഗ്രേഡ് എ പ്ലസായി തിരുത്തി. ഉത്തരക്കടലാസ് കയ്യില്‍ കിട്ടിയപ്പോഴാണ് ആദ്യ മൂല്യനിര്‍ണയത്തില്‍ എ പ്ലസ് എ ആയി മാറിപ്പോയതിന്റെ കാരണം വ്യക്തമായത്. അതേസമയം, സംഭവത്തില്‍ പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തി അധ്യാപകനെതിരെ നടപടി വന്നേക്കും.

Exit mobile version