മലപ്പുറം: മലപ്പുറത്ത് ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ഒന്നാംപ്രതിയായ വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ എസ്ഐ ബിന്ദുലാൽ അറസ്റ്റിൽ. തിരൂർ ഡിവൈഎസ്പിയാണ് ബിന്ദുലാലിനെ അറസ്റ്റ് ചെയ്തത്. ഇടനിലക്കാരനായ വളാഞ്ചേരി സ്വദേശി അസൈനാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു പ്രതിയായ വളാഞ്ചേരി സിഐ സുനിൽ ദാസ് ഒളിവിലാണ്.
ക്വാറി ഉടമയെ ജയിലിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി പോലീസ് ഉദ്യോഗസ്ഥർ ചേർന്ന് പണം തട്ടിയെന്നാണ് പരാതി. വളാഞ്ചേരി സ്വദേശിയുടെ ക്വാറിയിൽ നിന്നും പാറപ്പൊട്ടിക്കുന്നതിനായുള്ള സ്ഫോടക വസ്തുക്കൾ കണ്ടെത്തിയിരുന്നു. മാർച്ചിൽ ആയിരുന്നു സംഭവം.
ഈ കേസിൽ ഇയാളെ ജയിലിൽ അടക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പോലീസുകാർ പണം തട്ടിയത്. മലപ്പുറം വളാഞ്ചേരിയിൽ എസ്എച്ച്ഒയും സിഐയും ചേർന്ന് 18 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. സംഭവത്തിൽ വളാഞ്ചേരി സിഐ സുനിൽ ദാസ്, എസ് ഐ ബിന്ദുലാൽ എന്നിവരെ പ്രതികളാക്കി തിരൂർ ഡി വൈ എസ് പി കേസെടുക്കുകയായിരുന്നു.
ഇടനിലക്കാരനായി പ്രവർത്തിച്ച അസൈനാർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇയാൾ നാല് ലക്ഷം രൂപ ക്വാറി ഉടമയിൽ നിന്നും തട്ടിയെടുത്തതായും കണ്ടെത്തി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 384 , 120ബി , 34, കെ പി എ 115 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
Discussion about this post