തിരുവനന്തപുരം: സ്കൂട്ടറിന്റെ പിന്നില്‍ നിന്ന് തെറിച്ചു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലെ കോവളത്താണ് സംഭവം. മുക്കോല സ്വദേശി സുശീലയാണ് മരിച്ചത്.
മഴ പെയ്തതോടെ സ്കൂട്ടറിന് പിന്നിലിരുന്ന് കുട നിവര്‍ത്തുന്നതിനിടെ സുശീല റോഡിലേക്ക് വീഴുകയായിരുന്നു. റോഡില്‍ തലയിടിച്ചാണ് വീണത്. രക്തം വാര്‍ന്നാണ് മരണം.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം വിഴിഞ്ഞം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
കോവളം ഹോട്ടലിലെ ജീവനക്കാരിയാണ് സുശീല. അതേസമയം കഴിഞ്ഞ ദിവസം ഉച്ച മുതല്‍ തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴയാണ് ലഭിച്ചത്. തിരുവനന്തപുരം നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.