തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ഒരാഴ്ച കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ട്.
കേരള തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റ് നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത ഒരാഴ്ച മഴയ്ക്കും, അതോടൊപ്പം വ്യാപകമായി ഇടി മിന്നലും കാറ്റും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്.
24 മണിക്കൂറില്‍ 115.6 മി.മീ മുതല്‍ 204.4 മി.മീ വരെ മഴ ലഭിക്കാനിടയുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
മഴ ശക്തിപ്പെടുന്നതിനാല്‍ സാഹചര്യങ്ങള്‍ വിലയിരുത്തി മലയോര മേഖലയിലേക്കുള്ള രാത്രി യാത്രകള്‍ക്ക് നിയന്ത്രണമെര്‍പ്പെടുത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. വിനോദ സഞ്ചാരികളിലേക്ക് സുരക്ഷാ മുന്നറിയിപ്പുകള്‍ എത്തി എന്നുറപ്പാക്കണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോ അറ്റകുറ്റപ്പണികളോ നടക്കുന്ന ദേശീയ പാത, സംസ്ഥാന പാത, മറ്റ് റോഡുകള്‍ എന്നിവിടങ്ങളില്‍ സുരക്ഷ ബോര്‍ഡുകള്‍ യാത്രക്കാര്‍ക്ക് കാണുന്ന തരത്തില്‍ ഉണ്ടെന്ന് ഉറപ്പാക്കണം. റോഡുകളില്‍ കുഴികളോ മറ്റ് അപകട സാധ്യതകളോ ഉള്ള ഇടങ്ങളില്‍ അടിയന്തരമായി അപകട സാധ്യത ലഘൂകരിക്കാന്‍ വേണ്ട ഇടപെടല്‍ നടത്തണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.