ആലപ്പുഴ: അടുത്ത് ഹിറ്റായ മലയാള സിനിമ ആവേശം മോഡലിൽ വാഹനത്തിൽ സ്വിമ്മിംഗ് പൂൾ ഒരുക്കി വീഡിയോ പുറത്തുവിട്ട യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി. ആവേശത്തിലെ അമ്പാൻ എന്ന കഥാപാത്രത്തിന്റെ സ്‌റ്റൈലിലാണ് സഫാരി കാറിനുള്ളിൽ സ്വിമ്മിംഗ് പൂളൊരുക്കിയത്.
തുടർന്ന് ആലപ്പുഴ എൻഫോഴ്‌സ്‌മെന്റ് ആർടിഒ സഞ്ജു ടെക്കിക്കെതിരെ നടപടി എടുക്കുകയായിരുന്നു. സ്വിമ്മിംഗ് പൂൾ സജ്ജീകരിച്ച വാഹനം പൊതുനിരത്തിൽ ഓടിച്ചതോടെയാണ് നടപടിയെടുത്തിരിക്കുന്നത്. വാഹനം പിടിച്ചെടുത്ത അധികൃതർ
കാർ ഉടമയുടെയും ഡ്രൈവറുടെയും ലൈസൻസ് റദ്ദാക്കിയിട്ടുമുണ്ട്.
സഞ്ജു ടെക്കിക്ക് ആർടിഒ ശിക്ഷയും നൽകും. ഇതിന്റെ ഭാഗമായി സഞ്ജുവിനെ മലപ്പുറത്തെ എംവിഡി കേന്ദ്രത്തിൽ പരിശീലനത്തിന് അയക്കും. ആശുപത്രിയിൽ സാമൂഹ്യ സേവനത്തിന് നിയോഗിക്കുകയും ചെയ്യും.
അമ്പാന്റെ മാതൃകയിൽ വാഹനത്തിൽ കുളിക്കുക മാത്രമല്ല, ഈ വാഹനം പൊതുനിരത്തിലിറക്കി യാത്ര ചെയ്യുകയും കാർ സ്വിമ്മിംഗ് പൂളുമായി പോവുന്നതിന്റെ ദൃശ്യങ്ങൾ യൂട്യൂബിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു. ഈ കുറ്റങ്ങൾക്ക് പുറമെ വെള്ളം പൊതു നിരത്തിലേയ്ക്ക് ഒഴുക്കി വിട്ടു എന്ന കുറ്റവും ചുമത്തിയാണ് ആർടിഒ നടപടി. എന്നാൽ താൻ വരുമാന മാർഗത്തിനാണ് ഇങ്ങനെ ചെയ്തതെന്നാണ് യൂട്യൂബർ സഞ്ജു ടെക്കിയുടെ മറുപടി.